നടിയെ ആക്രമിച്ച കേസ്; സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്നതാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ: എം വി ഗോവിന്ദൻ

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്നാണ് പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ടിവി പുറത്തുവിട്ട പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നടിയെ ആക്രമിച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് നേരത്തെ പുറത്ത് വന്നതാണ്. അത് സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൾസർ സുനി പറഞ്ഞത് വേദവാക്യമായി കാണേണ്ടെന്നും ക്രിമിനൽ കുറ്റം ചെയ്ത ഒരാളുടെ തന്നെ തുറന്നുപറച്ചിലാണിതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്നാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വെളിപ്പെടുത്തല്‍.

ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി പറഞ്ഞു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്നാണ് പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പള്‍സര്‍ സുനി റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയത്. കേസില്‍ നിര്‍ണ്ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞു. മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല. പറയാന്‍ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പം ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി.

അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പ് ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. 'പ്രധാന തെളിവായ പീഡനദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത് കുരുക്കായി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കി. പീഡനദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകയ്ക്ക് നല്‍കിയത്. മെമ്മറി കാര്‍ഡ് അഭിഭാഷകയാണ് കോടതിയ്ക്ക് കൈമാറിയത്. മെമ്മറി കാര്‍ഡ് പൊലീസിന് കിട്ടിയില്ലെങ്കില്‍ ഇത്രനാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു', പള്‍സര്‍ സുനി പറയുന്നു.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാര്‍ത്തയും റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറംലോകത്തെ അറിയിച്ചത്.

Content Highlights: m v govindan's responds on pulsar suni's statements about actress attack case

dot image
To advertise here,contact us
dot image