എട്ടു ഭാഷകളറിയാം, ചെന്നൈയിലും ലഹരികച്ചവടം, പോക്സോ കേസില്‍ പ്രതി; തസ്ലിമയുടെ വിവരങ്ങള്‍ പുറത്ത്

കൃത്രിമവെളിച്ചത്തിലും അടച്ചിട്ട മുറികളിലുമാണ് കൃഷി നടത്തുന്നത് എന്നും എക്സൈസ്

dot image

ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ എക്സൈസിന്റെ പിടിയിലായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തന്റെ കൈവശമുള്ള കഞ്ചാവ് തസ്ലിമ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഉൾപ്പടെ നൽകിയിട്ടുണ്ട് എന്ന് പറഞ്ഞതോടെ അന്വേഷണം മറ്റൊരു തലത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

യുവതിയിൽ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് ക‍ഞ്ചാവ് പ്രത്യേക അന്തരീക്ഷത്തിലും സാങ്കേതിക വിദ്യയിലും വളര്‍ത്തിയെടുക്കുന്നതാണെന്ന് എക്സൈസ് കണ്ടെത്തി. ആഫ്രിക്കന്‍- ഇന്ത്യന്‍ കഞ്ചാവുകളുടെ വിത്തുകള്‍ ചേര്‍ത്താണ് ഈയിനം വികസിപ്പിക്കുന്നത്. കൃത്രിമവെളിച്ചത്തിലും അടച്ചിട്ട മുറികളിലുമാണ് കൃഷി. മണ്ണില്ലാതെ പ്രത്യേക ലായനിയിലാണ് വളര്‍ത്തുന്നത്. അപകടകരമായ ഊര്‍ജം ഹൈബ്രിഡ് കഞ്ചാവിലൂടെ ലഭിക്കുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മണിക്കൂറുകള്‍ ഇതിന്റെ ലഹരി നീണ്ടുനില്‍ക്കും. എംഡിഎംഎ വില്‍പ്പനക്കാര്‍പോലും അത് വിറ്റുകിട്ടുന്ന പണം കൊണ്ട് ഈ കഞ്ചാവ് വാങ്ങുമെന്ന് എക്‌സൈസ് പറയുന്നു. ചില രാജ്യങ്ങളില്‍ ഇത് നിയമപരമാണ്. പ്രത്യേകിച്ച് തായ്‌ലാന്‍ഡില്‍. അവിടെനിന്നാണ് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് ഗ്രാമിന് 10,000 രൂപയാണ് മാർക്കറ്റിൽ വില ഇട്ടിരുന്നത് എന്നും എക്സൈസ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ തസ്ലിമ മൊഴി നല്‍കിയിട്ടുണ്ട്. തസ്ലിമ കഞ്ചാവുമായി റിസോർട്ടിലെത്തുന്നത് ഉദ്യോഗസ്ഥർക്ക് നേരത്തെ അറിയാമായിരുന്നു. രണ്ടു മക്കള്‍ക്കുമൊപ്പമാണു വന്നതെങ്കിലും അവരെ റിസോര്‍ട്ടിനു പുറത്തിറക്കിയിരുന്നു. ഇവർക്ക് കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തസ്ലിമ റിസോർട്ടിൽ എത്തിയപ്പോൾ തന്നെ ഇവരെ എക്സൈസ് പിടികൂടി.

ചെന്നൈയില്‍ സ്ഥിരതാമസമാക്കി അവിടം കേന്ദ്രീകരിച്ചായിരുന്നു തസ്‌ലിമ കഞ്ചാവു വിറ്റിരുന്നത്. അവിടെ സിനിമമേഖലയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നു പറയുന്നു. മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളറിയാം. കുറച്ചുദിവസമായി എറണാകുളം കാക്കനാട്ടെ ലോഡ്ജിലായിരുന്നു താമസിച്ചത്. മൂന്നുവര്‍ഷം മുന്‍പ് തസ്ലിമയ്‌ക്കെതിരേ തൃക്കാക്കര പൊലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചതിനായിരുന്നു ഇത്.

Content Highlights: More details emerge in Alappuzha Taslima's drug case

dot image
To advertise here,contact us
dot image