സാമ്പത്തിക ക്രമക്കേട്, നിയമവിരുദ്ധ ഇടപാട്; ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി വകുപ്പിൻ്റെ സ്ഥിരം നോട്ടപ്പുള്ളി

കഴിഞ്ഞ ദിവസം ജഗദീഷിനെ താക്കീത് ചെയ്യുന്ന മുഹമ്മദ് മുഹ്‌സിന്റെ ഓഡിയോ സംഭാഷണം പുറത്ത് വന്നിരുന്നു

dot image

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ ഫോണില്‍ വിളിച്ച് താക്കീത് ചെയ്ത ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി വി ജഗദീഷ് വകുപ്പിന്റെ സ്ഥിരം നോട്ടപ്പുള്ളി. സാമ്പത്തിക ക്രമക്കേടിനും, പദ്ധതി വിഹിതത്തിലെ നിയമവിരുദ്ധ ഇടപാടിനുമാണ് ജഗദീഷിനെ പാലക്കാട് പട്ടിത്തറ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 399 ദിവസങ്ങള്‍ക്ക് ശേഷം ആണ് ഉത്തരവ് റദ്ദ് ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഉത്തരവിന്റെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജഗദീഷിനെ താക്കീത് ചെയ്യുന്ന മുഹമ്മദ് മുഹ്‌സിന്റെ ഓഡിയോ സംഭാഷണം പുറത്ത് വന്നിരുന്നു. എംഎല്‍എയുടെ സഹോദരിയെ ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി അപമാനിച്ചെന്ന് ആരോപിച്ച് ഫോണില്‍ വിളിച്ച് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദഭാഗമാണ് പുറത്തുവന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പഞ്ചായത്തിലെത്തിയതായിരുന്നു എംഎല്‍എയുടെ സഹോദരി.

വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ സഹോദരിയെ അപമാനിച്ചുവെന്നാണ് എംഎല്‍എ പറയുന്നത്. 'വീട്ടിലെ സ്ത്രീകളോട് മാന്യമായി സംസാരിച്ചില്ലെങ്കില്‍ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂവെന്ന്' എംഎല്‍എ പറയുന്നുണ്ട്. അതേസമയം വനിതാ അംഗങ്ങളോട് അടക്കം മോശമായ രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് സെക്രട്ടറിയെ വിളിച്ച് താക്കീത് നല്‍കിയതെന്നാണ് എംഎല്‍എയുടെ വിശദീകരണം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ഓഡിയോ ഇപ്പോള്‍ പുറത്തുവിട്ടത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉന്നംവെച്ചാണെന്നും എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ പറയുന്നു.

എന്നാല്‍ താന്‍ എംഎല്‍എയുടെ സഹോദരിയെ അപമാനിച്ചിട്ടില്ലെന്നും രേഖകള്‍ മാത്രമാണ് ചോദിച്ചതെന്നുമാണ് ജഗദീഷ് പ്രതികരിച്ചത്. 2025 ജനുവരി 20നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞദിവസം സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ സന്ദേശം പുറത്തായത്. എന്നാല്‍ അദാലത്തുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടര്‍ന്നാണ് സെക്രട്ടറിക്ക് സ്ഥലംമാറ്റം ലഭിച്ചതെന്ന് എംഎല്‍എ പറഞ്ഞിരുന്നു.

Content Highlights: Ongalloor Panchayath Secretary always do Malpractice in duty

dot image
To advertise here,contact us
dot image