
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കെതിരെയും പൾസർ സുനിയുടെ വെളിപ്പെടുത്തൽ. ക്വട്ടേഷൻ്റെ ബാക്കി പണം ആവശ്യപ്പെട്ട് ജയിലിൽ നിന്ന് അപ്പുണ്ണിയെ വിളിച്ചിരുന്നുവെന്നും നീ എന്തു വേണമെങ്കിലും ചെയ്തോ എന്നായിരുന്നു അപ്പുണ്ണിയുടെ മറുപടിയെന്നും പൾസർ സുനി പറഞ്ഞു. റിപ്പോർട്ടറിന്റെ ഒളിക്യാമറയിലൂടെയായിരുന്നു പൾസർ സുനിയുടെ വെളിപ്പെടുത്തൽ.
ചതിക്കില്ല എന്ന് വിശ്വസിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് പണം കിട്ടില്ലെന്ന് ഉറപ്പായതെന്നും പൾസർ സുനി പറഞ്ഞു. അതിന് ശേഷമാണ് കുറച്ച്, കുറച്ച് കാര്യങ്ങൾ പുറത്തു പറയാൻ തുടങ്ങിയത്. ദിലീപിനെ വിളിക്കുമ്പോൾ എല്ലാം ഫോൺ എടുക്കുന്നത് അപ്പുണ്ണിയായിരുന്നു. ദീലിപ് പറയുന്നത് അനുസരിച്ചാണ് അപ്പുണ്ണി സംസാരിക്കാറുണ്ടായിരുന്നത്. മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത കാര്യങ്ങൾ വരെ അപ്പുണ്ണിക്കറിയാം. അപ്പുണ്ണിയാണ് ദിലീപിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. അറസ്റ്റിലായ രണ്ട് മാസം വരെ ഒന്നും പുറത്ത് പറയാതെ പിടിച്ചു നിന്നു. അപ്പുണ്ണി തള്ളിപ്പറഞ്ഞില്ലായിരുന്നെങ്കിൽ താൻ അവർക്കൊപ്പം നിന്നേനെ എന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി.
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പൂര്‍ണ രൂപം
ദിലീപിന്റെ ഒന്നരക്കോടിയുടെ ക്വട്ടേഷന്‍
നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് പള്‍സര്‍ സുനി പറയുന്നതും ഒളിക്യാമറയില്‍ പതിഞ്ഞു. മുഴുവന്‍ തുകയും തനിക്ക് കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും സുനി പറഞ്ഞു. 'ആവശ്യം വരുമ്പോള്‍ പലപ്പോഴായി പണം വാങ്ങി. ബലാത്സംഗം ചെയ്യാനാണ് ക്വട്ടേഷന്‍ ലഭിച്ചത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്താനും നിര്‍ദ്ദേശിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചതെന്ന് അതിജീവിതയോട് വിശദീകരിച്ചു. അക്രമം ഒഴിവാക്കാന്‍ എത്ര കാശും തരാമെന്ന് അതിജീവിത പറഞ്ഞു', പള്‍സര്‍ സുനി പറഞ്ഞു. ആ കാശ് വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു.
കുടുംബം തകര്‍ത്തതിന്റെ പക
ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പള്‍സര്‍ സുനി പറഞ്ഞു. പലതവണ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഇയാള്‍ സമ്മതിച്ചു. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി. 'എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. എന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു', പള്‍സര്‍ സുനി പറഞ്ഞു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെന്ന നിര്‍ണായക വെളിപ്പെടുത്തല്‍
കേസില്‍ പ്രധാന തെളിവായ പീഡന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത് കുരുക്കായെന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കിയെന്നും അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണെന്നും ഇയാള്‍ വ്യക്തമാക്കി. അഭിഭാഷകയാണ് കാര്‍ഡ് കോടതിക്ക് കൈമാറിയതെന്നും മെമ്മറി കാര്‍ഡ് പൊലീസിന് കിട്ടിയില്ലെങ്കില്‍ ഇത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും സുനി പറയുന്നുണ്ട്.
'പാസ്‌പോര്‍ട്ടും കാര്യങ്ങളും അഭിഭാഷക കോടതിയില്‍ ഹാജരാക്കി. സുരക്ഷിതമായി സൂക്ഷിക്കാന്‍ നല്‍കിയത് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്തത്. ദൃശ്യങ്ങളുടെ പകര്‍പ്പ് നഷ്ടമാകേണ്ടെന്ന് കരുതിയാണ് അഭിഭാഷകയ്ക്ക് നല്‍കിയത്. മെമ്മറി കാര്‍ഡ് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിച്ചില്ല', സുനി പറയുന്നു. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി നല്‍കി. ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ലെന്നും മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചത് പറയാന്‍ പറ്റാത്ത രഹസ്യമാണെന്നും സുനി പറഞ്ഞു. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും സുനി പറഞ്ഞു.
കൂടുതല്‍ നടിമാരെ ആക്രമിച്ചു, ദിലീപിന് എല്ലാം അറിയാം
ദിലീപിന്റെ അറിവോട് കൂടി വേറയും നടിമാരെ ആക്രമിച്ചതായും പള്‍സര്‍ സുനി വെളിപ്പെടുത്തി. ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും സുനി പറഞ്ഞു. 'എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആരും ഒന്നും പുറത്തു പറയില്ല', പള്‍സര്‍ സുനി പറയുന്നു.
നിലനില്‍പ്പാണ് എല്ലാ താരങ്ങളുടേയും പ്രശ്‌നമെന്നും സുനി പറഞ്ഞു. ആരുടേയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നു പറയുമെന്നും റിമ കല്ലിങ്കലിനെ പോലുള്ളവര്‍ മാത്രമാണ് തുറന്നു പറയുകയെന്നും സുനി കൂട്ടിച്ചേര്‍ത്തു.
ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യര്‍ക്കും ബന്ധമില്ല
മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കേസില്‍ ബന്ധമില്ലെന്നും പള്‍സര്‍ സുനി തുറന്നുപറഞ്ഞു. ഇവരെ ഈ കേസിലേക്ക് വലിച്ചിട്ടതാണെന്നും ശ്രീകുമാര്‍ മേനോനെ താന്‍ കണ്ടിട്ട് പോലുമില്ലെന്നും സുനി പറഞ്ഞു.
ദിലീപിന് കത്തയച്ചത് ജയിലിലെ വധശ്രമത്തിന് പിന്നാലെ
ജയിലില്‍ കഴിയുമ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായുള്ള നിര്‍ണായക വിവരവും പള്‍സര്‍ സുനി പങ്കുവെച്ചു. തന്നെ അടിച്ചു നശിപ്പിച്ചുവെന്നും ഇയാള്‍ പറഞ്ഞു. ഇതിന് ശേഷമാണ് ദിലീപിന് കത്തയച്ചതെന്നും അതോടുകൂടിയാണ് കൊലപാതക ശ്രമം അവസാനിച്ചതെന്നും സുനി പറഞ്ഞു. ഈ നിമിഷം വരെ താന്‍ ദിലീപിനെ സംരക്ഷിച്ചെന്നും വിശ്വാസ്യത നിലനിര്‍ത്തിയെന്നും പള്‍സര്‍ സുനി പറയുന്നു. ദിലീപ് ചതിച്ചിട്ടും ദിലീപിനെ സംരക്ഷിച്ചെന്നും ഇതുവരെ ഒരു കാര്യവും പുറത്ത് പറഞ്ഞിട്ടില്ലെന്നും സുനി പറഞ്ഞു. താന്‍ പുറത്ത് പറഞ്ഞാല്‍ വേറെ ആളുകള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പും ഒന്നാം പ്രതിയായ സുനി നല്‍കുന്നുണ്ട്.
പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയതിന് ശേഷമുള്ള നിര്‍ണായക വെളിപ്പെടുത്തലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാര്‍ത്തയും റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറംലോകത്തെ അറിയിച്ചത്. കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights: Pulsar Suni also reveals about Dileep's manager Appunni