
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് എസ്എഫ്ഐഒ കുറ്റപത്രമെന്നും പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണാ വിജയൻ്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപ ലഭിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് പിണറായി വിജയൻ എങ്ങനെ ന്യായീകരിക്കും എന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ടെന്നും ഇത്രയും ഗുരുതര വിഷയത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തന്നെ രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു. വികസിത കേരളം എന്ന സ്വപ്നം സാധ്യമാകാൻ അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും രാഷ്ട്രീയത്തിന് അവസാനമുണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായിക്ക് അർഹതയില്ല. പിണറായി രാജിവെച്ച് പുറത്തുപോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കേരളത്തിൽ പകരം മുഖ്യമന്ത്രിയെ കണ്ടെത്തണം. കേരള ജനതയോട് സിപിഐഎം നീതി കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Content highlights : Veena's actions are punishable by up to 10 years in prison; VD Satheesan demands that the Chief Minister resign