
കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് കണ്ടെത്തൽ. ഇതോടെ ഉപദേശക സമിതി പിരിച്ച് വിടാൻ തീരുമാനമായി.
വിവാദത്തെ കുറിച്ച് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
ദേവസ്വം ബോർഡ് പ്രസിഡന്റ് ഉപദേശക സമിതി പിരിച്ചുവിടുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവിച്ചത്തിൽ വിശദീകരണം തേടി രണ്ട് ദേവസ്വം ഉദ്യോഗസ്ഥർക്ക് മെമ്മോയും നൽകിയിട്ടുണ്ട്
ഇക്കഴിഞ്ഞ മാർച്ച് 10നായിരുന്നു കടയ്ക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ ഗായകൻ അലോഷിയുടെ നേതൃത്വത്തിൽ പരിപാടി നടന്നത്. പ്രചരണ ഗാനങ്ങൾക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
Content Highlights-Advisory committee found to have lacked vigilance over Kadakkal Devi Temple's revolutionary song