'വഖഫ് ബിൽ പറഞ്ഞ് ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുന്നു'; ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്ന് മന്ത്രി

എല്ലാവരെയും ചേർത്ത് നിർത്തുന്നതിന് പകരം ഭിന്നിപ്പിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും മന്ത്രി

dot image

മലപ്പുറം: വഖഫ് ബിൽ പറഞ്ഞ് ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം - ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും മന്ത്രി പറഞ്ഞു. അത് അവരെ സംരക്ഷിക്കണം എന്ന നിലപാട് ഉള്ളത് കൊണ്ടാണ്. ഇനി ഭേദഗതി അവിടെ ഉപകാരപ്പെടുമെങ്കിൽ സർക്കാർ അത്‌ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു നിയമ ഭേദഗതിയും കേരളത്തിലെ വഖഫ് സ്വത്തുക്കളെയോ, സ്ഥാപനങ്ങളെയോ ബാധിക്കില്ല. അവയ്‌ക്കെല്ലാം സംസ്ഥാന സർക്കാർ തന്നെയായിരിക്കും സംരക്ഷണം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാവരെയും ചേർത്ത് നിർത്തുന്നതിന് പകരം ഭിന്നിപ്പിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാ​ഗമായുള്ളതാണ് വഖഫ് ബിൽ. ഇതിലൂടെ ന്യൂനപക്ഷങ്ങളെ ബിജെപി എങ്ങനെ കാണുന്നു എന്നത് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

കഴിഞ്ഞ ദിവസം ലോക്സഭയിൽ വഖഫ് ബില്ല് ചർച്ചക്കെടുത്തപ്പോൾ കോൺ​ഗ്രസ് എടുത്ത നിലപാട് വളരെ ദു:ഖകരം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉൾപ്പെടെ ഇക്കാര്യത്തിൽ സംസാരിക്കാൻ പോലും തയ്യാറായില്ല. അത് ന്യൂനപക്ഷങ്ങളോടുള്ള കോൺഗ്രസിന്റെ സമീപനമാണ് തുറന്നു കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭേദഗതിയും കേരളത്തിലെ വഖഫ് ബോർഡിനെ ബാധിക്കാൻ പോകുന്നില്ല. മുസ്‌ലിം പള്ളികളെയോ, മദ്രസ്സകളെയോ, സ്ഥാപനങ്ങളെയോ ഇതൊന്നും ബാധിക്കില്ലെന്നും ഇവക്കെല്ലാം പൂർണമായ സംരക്ഷണം ഇടത് സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights- V Abdurahman says no major development will affect Kerala Waqf Board

dot image
To advertise here,contact us
dot image