
കൊച്ചി: കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.
കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങള്‍ നടത്തും.
പത്രത്തിലെ പരസ്യം കണ്ടാണ് പലരും ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-1000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കമ്പനിയില്‍ മാനേജര്‍മാരുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
'എന്റെ വായില്‍ ഉപ്പിട്ട് തുപ്പാന്‍ അനുവദിച്ചില്ല. പാന്റഴിപ്പിച്ച് നിര്‍ത്തിക്കും. 2000ത്തിന് മുകളില്‍ ബിസിനസ് ചെയ്യാനാണ് ടാര്‍ഗറ്റ്. ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിക്കും. ഉറങ്ങാന്‍ സമ്മതിക്കില്ല. കക്കൂസ് കഴുകിക്കും. ഓഫീസിനകത്ത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിനകത്ത് വെച്ചാണ് ഉപദ്രവിക്കുന്നത്. പട്ടിയെ പോലെ മതിലിന്റെ മൂലയ്ക്ക് പോയി മൂത്രം ഒഴിക്കുന്നത് പോലെ കാണിക്കാന്‍ പറയും. തറയില്‍ നക്കിക്കും. ചീത്ത വിളിക്കും', പീഡനം സഹിക്കാൻ കഴിയാതെ ജോലി ഉപേക്ഷിച്ച തൊഴിലാളി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപദ്രവങ്ങളെ കുറിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Assault against Employees in Hindustan Power Links Company in Kochi