
കോട്ടയം: ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ സംരക്ഷിക്കില്ല എന്ന സന്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. 'ജബല്‍പൂരില്‍ അപമാനം' എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിലാണ് വിമര്‍ശനം. ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കൊണ്ട് മാത്രം നിലനില്‍ക്കുന്ന സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ദീപിക ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലുള്ളതാണ് പുരോഹിതരെ മര്‍ദിച്ച സംഘത്തിന്റെ ബലം. തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ലെന്നും ദീപികയില്‍ പറയുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെയും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.
'ജബല്‍പൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇന്നലെ സുരേഷ് ഗോപി എംപിക്ക് സംയമനം നഷ്ടപ്പെടുന്നത് കണ്ടു. അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ 'ബി കെയര്‍ഫുള്‍' എന്ന മുന്നറിയിപ്പ്, ക്രൈസ്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവരോട് പറയേണ്ടിയിരുന്നു', ലേഖനത്തില്‍ പറയുന്നു.
അതേസമയം ജബല്‍പൂരില്‍ മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജബല്‍പൂര്‍ പൊലീസ് കേസെടുത്തത്. വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബല്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സതിഷ് കുമാര്‍ സോഹി വ്യക്തമാക്കിയിരുന്നു.
വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തില്‍ അടക്കം വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.
Content Highlights: Deepika criticize BJP and Suresh Gopi on Jabalpur issue