
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പള്‍സര്‍ സുനി റിപ്പോര്‍ട്ടിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ എറണാകുളം റൂറല്‍ പൊലീസ് അന്വേഷണം തുടങ്ങി. റൂറല്‍ എസ് പി വൈഭവ് സക്‌സേനയുടെ നിര്‍ദേശം പ്രകാരം ഡിവൈഎസ്പി വിഎസ് നവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പൾസർ സുനി റിപ്പോർട്ടറിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ വിശദമായി പരിശോധിച്ച് നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണ സാധ്യത എത്രത്തോളമാണെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളാണ് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം നടത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് തന്നെ ആയിരുന്നെന്ന് പള്‍സർ സുനി പറഞ്ഞിരുന്നു. ഇതിനായി ഒന്നരക്കോടി രൂപയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. അതിൽ കുറച്ചു തുക മാത്രമാണ് ലഭിച്ചത്. എൺപത് ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ഇത് ലഭിക്കാനായി ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ജയിലിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടു. നീ എന്തുവേണമെങ്കിലും ചെയ്യാനായിരുന്നു മറുപടി. ഇതോടെ മനസ് മടുത്തു. അങ്ങനെയാണ് പല കാര്യങ്ങളും തുറന്നുപറഞ്ഞതെന്നും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാര്‍ത്തയും റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറംലോകത്തെ അറിയിച്ചത്.
Content Highlights- reporter big impact: Police have started an investigation into Pulsar Suni's revelations in the actress case