
കൊച്ചി: ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ് കമ്പനിയിലെ തൊഴില്‍ പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും ശിവന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇനി ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ശക്തമായ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴില്‍ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തില്‍ ഒരു സ്ഥാപനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരു തൊഴിലാളിയാണെങ്കില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല', മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
പത്തിരുപത് വര്‍ഷമായി കലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂര പീഡനം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.
കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക, നിലത്ത് നിന്ന് ഭക്ഷണം നക്കിപ്പിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. തൊഴിലാളികളുടെ മുഖത്തടക്കം ക്രൂര പീഡനങ്ങളാണ് ഇവർ നടത്തുന്നത്.
Content Highlights: V Sivankutty says action takes after report on employee assault in Kochi