
മലപ്പുറം: മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖ് ആണ് പരാതി നൽകിയത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന സമുദായിക സ്പർദ്ധയും വർഗീയതയും വളർത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.
അതേസമയം, വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുസ്ലീം ലീഗ്. സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിക്ക് ഇത്തരം പരാമർശം ഭൂഷണമാണെങ്കിലും കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് നടത്തിയത്.
വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ വെള്ളാപ്പള്ളി മുൻപും നടത്തിയിട്ടുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കാറില്ല. രാവിലെ പറയുന്നത് വൈകിട്ട് മാറ്റി പറയും. സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയെതന്നും പി എ സലാം റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: Youth League files complaint against Vellappally Natesan to Malappuram SP