'മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഈ നാടിൻ്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ'; ബാലകൃഷ്ണൻ പെരിയ

'മലപ്പുറത്തുവന്ന് ഇതൊരു രാജ്യമാണെന്ന് പ്രഖ്യാപിക്കുമ്പോൾ ആ മലപ്പുറം മുതൽ തലപ്പാടി വരെയുള്ളവൻ യഥാർത്ഥത്തിൽ താങ്കളുടെ ജാതിയിൽപ്പെട്ടവരല്ല എന്ന ബോധമെങ്കിലും ഉണ്ടാവണം'

dot image

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ.ഫേസ്ബുക്കിലൂടെയാണ് ബാലകൃഷ്ണൻ പെരിയ രൂക്ഷമായ വിമർശനമുയർത്തിയത്.

മകനെ രക്ഷപ്പെടുത്താൻ വേണ്ടി ഈ നാടിൻ്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ എന്നും നവോത്ഥാനത്തിന്റെ ശംഖനാദം മുഴക്കിയ ഗുരുദേവൻ്റെ നാമത്തിലാണ് ഈ പൂണ്ടുവിളയാട്ടം എന്നത് ലജ്ജിപ്പിക്കുന്നതാണ് എന്നും ബാലകൃഷ്ണൻ വിമർശിച്ചു. 88ന്റെ ആവേശത്തിൽ പറഞ്ഞുപോയതാണെങ്കിൽ പരാമർശം പിൻവലിച്ച് അഭിമാനമുയർത്തുകയെന്നും അതല്ലെങ്കിൽ കുമാരനാശാൻ ഇരുന്ന ആ മഹിതമായ കസേരയിൽ നിന്ന് താഴെയിറങ്ങി സംസാരിക്കുക എന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തീയ്യനും ഈഴവനും ഒന്നാണോ എന്ന ചർച്ച സജീവമാണ്. എങ്കിലും സർക്കാർ കണക്കിൽ ഒന്നായതുകൊണ്ട് പറയട്ടെ ഞാൻ പിറന്ന ജാതിയുടെ അമരക്കാരൻ വെള്ളാപ്പള്ളിയല്ല. ഇത്രയും വർഗ്ഗീയ വിഭജനം സംസാരിക്കുന്ന ഒരാളെ തള്ളാതിരിക്കാനും നിർവ്വാഹമില്ല. സ്വന്തം സമുദായക്കാർക്ക് എതിരെത്തന്നെ പ്രവർത്തിച്ചുകൊണ്ട് മറ്റാർക്കോവേണ്ടി സ്വസമുദായത്തെ വിൽക്കാൻ കാത്തിരിക്കുന്ന കച്ചവടക്കാരനാണ് വെള്ളാപ്പള്ളി.

മലപ്പുറത്തുവന്ന് ഇതൊരു രാജ്യമാണെന്ന് പ്രഖ്യാപിക്കുമ്പോൾ ആ മലപ്പുറം മുതൽ തലപ്പാടി വരെയുള്ളവൻ യഥാർത്ഥത്തിൽ താങ്കളുടെ ജാതിയിൽപ്പെട്ടവരല്ല എന്ന ബോധമെങ്കിലും ഉണ്ടാവണം. മലപ്പുറം മുതൽ അങ്ങോട്ട് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ താങ്കൾ നൽകിയിട്ടുണ്ട് എന്നാലോചിക്കണം. മലബാറിലെ തീയ്യനും മാപ്പിളമാരും തമ്മിലുള്ള ചരിത്രപരവും പൗരാണികവുമായ ബന്ധത്തിൻ്റെ തായ് വേരറിയാത്ത ഒരു കച്ചവടസ്വാമിയോട് പരിതപിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല.

മലബാറിൽ ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ ഐതിഹ്യപ്പെരുമയിൽ പോലുമുണ്ട് ആത്മബന്ധത്തിൻ്റെ ഹൃദയതാളം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി കണ്ട്, നവോദ്ധാനത്തിൻ്റെ ശംഖനാദം മുഴക്കിയ ഗുരുദേവൻ്റെ നാമത്തിലാണ് ഈ പൂണ്ടുവിളയാട്ടം എന്നത് ലജ്ജിപ്പിക്കുന്നതാണ്.

മലയാളത്തിൻ്റെ ഭാഷാപിതാവ് തുഞ്ചത്താചാര്യൻ മുതൽ ഇങ്ങോട്ട് എത്രയെത്ര ശ്രേഷ്ഠ ജന്മങ്ങൾ ഉണ്ടായി ഈ ജില്ലയിൽ. ദയവായി ഈ നാടിൻ്റെ ഹൃദയത്തെ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി കീറിമുറിക്കാതിരിക്കൂ. മതാന്ധത സംസാരിക്കുന്നത് പലർക്കും സുഖമുള്ള അനുഭവമായി അടുത്ത കാലത്ത് കാണുന്നു എന്നാൽ ദൂരവ്യാപക പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും.

88ന്റെ ആവേശത്തിൽ പറഞ്ഞുപോയതെങ്കിൽ പിൻവലിച്ച് അഭിമാനമുയർത്തുക. അതല്ലെങ്കിൽ കുമാരനാശാൻ ഇരുന്ന ആ മഹിതമായ കസേരയിൽ നിന്ന് താഴെയിറങ്ങി സംസാരിക്കുക. കാരണം ഈ വിഴുപ്പ് ഭാണ്ഡം ചുമക്കാൻ കേരളത്തിന്റെ നവോത്ഥാനത്തിന് വിയർപ്പ് ചീന്തിയ ഒരു സമുദായത്തിന് ഒരിക്കലും സാധിക്കില്ല.

അതേസമയം, വിവാദമായ മലപ്പുറം വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളേജ് പോലും തങ്ങൾക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമർശങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയായിരുന്നു. താൻ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകർത്തപ്പോൾ എസ്എൻഡിപിയല്ലേ എതിർത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ലീഗിനെതിരെ രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാർ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു. അവർ വിളിച്ചപ്പോൾ പോകാതിരുന്നപ്പോൾ മുതലാണ് എതിർക്കാൻ തുടങ്ങിയത്. ലീഗുകാരാണ് യഥാർത്ഥ വർഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു.

Content Highlights: Balakrishnan Periya about Vellapally Natesan

dot image
To advertise here,contact us
dot image