
കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലും എന്ന നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ ഓണററി പദവി റദ്ദാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം.
കഴിഞ്ഞമാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ തീരുമാനം എടുത്തത്. ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. 21 അംഗ ഷൂട്ടേഴ്‌സ് പാനലിന്റെ യോഗവും ചേര്‍ന്നിരുന്നു. പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന ഏത് തീരുമാനവും നടപ്പാക്കുമെന്ന് ഷൂട്ടേഴ്‌സ് ഉറപ്പു നല്‍കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഈ തീരുമാനത്തിനെതിരെ വനംവകുപ്പും രംഗത്തുവന്നിരുന്നു. സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഇതിലാണ് ഇപ്പോൾ തീരുമാനമായിരുക്കുന്നത്.
Content Highlights: honorary status of chakkittapara panchayat president revoked