'വിറങ്ങലിച്ച് നിൽക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം ചേർത്തുപിടിക്കുന്ന കാഴ്ച കണ്ണു നനയിച്ചു'; കെ എം ഷാജി

പോസ്റ്റിൽ രാഹുൽ ഗാന്ധിയെയും കെ എം ഷാജി പ്രശംസിച്ചെഴുതിയിട്ടുണ്ട്

dot image

കൊച്ചി: വഖഫ് ബില്ലിനെതിരെ ഉയർന്ന പ്രതിപക്ഷ ശബ്ദത്തെ പ്രശംസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നിൽക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം ചേർത്തുപിടിക്കുന്ന കാഴ്ച കണ്ണു നനയിച്ചുവെന്ന് കെ എം ഷാജി ഫേസ് ബുക്കിൽ കുറിച്ചു. ഞാനും നിങ്ങളുമെന്ന് അല്ല നമ്മൾ എന്ന് വാക്കാണ് ഉചിതമെന്ന് പറഞ്ഞ ദിനമാണ് കടന്നുപോയതെന്നും എന്നാൽ ഈ ദിനത്തിൽ പോലും വെള്ളാപ്പള്ളിയെ പോലെയുള്ള ചിലരുടെ പ്രസ്താവനകൾ അസ്വസ്ഥകൾ ഉണ്ടാകുന്നുണ്ടെന്നും കെ എം ഷാജി പറയുന്നു.

'ഇന്ത്യയുടെ പാർലമെന്റിൽ ഒരു ഫാഷിസ്റ്റ് ഗവൺമെന്റ് മുസ്ലിങ്ങളെ ആകമാനം ബാധിക്കുന്ന അപകടകരമായ ഒരു വർഗീയ ബില്ല് അവതരിപ്പിക്കുമ്പോൾ അതിനാൽ പ്രയാസപ്പെടുന്ന സമുദായത്തോട് ഒരു ചർച്ച പോലും നടത്താതെ ഫാഷിസത്തോട് ഒട്ടി നിൽക്കാൻ കെസിബിസി കാണിച്ച താല്പര്യം നിരാശ പടർത്തിക്കുന്നുണ്ട്.' കെ എം ഷാജി കുറിച്ചു.

മുനമ്പത്തെ മനുഷ്യർ നിസ്സഹായരായി നിന്നപ്പോൾ പ്രശ്നം വഖഫാണെന്ന് സർക്കാർ നിലപാട് എടുത്തപ്പോൾ ആ സമൂഹത്തിനുവേണ്ടി നിലകൊണ്ടവരാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ, അത് ഔദാര്യമായിട്ടല്ല ആരുടെയും അവകാശങ്ങൾ ഹനിക്കപ്പെടരുത് എന്ന നീതി ബോധത്തോടെയാണെന്നും കെ എം ഷാജിയുടെ കുറിപ്പിൽ പറയുന്നു. പോസ്റ്റിൽ രാഹുൽ ഗാന്ധിയെയും കെ എം ഷാജി പ്രശംസിച്ചെഴുതിയിട്ടുണ്ട്.

കെ എം ഷാജിയുടെ കുറിപ്പിൻ്റെ പൂർണ രൂപം


ഇന്ത്യയുടെ മതേതര മനസ്സുകളെ ത്രസിപ്പിച്ച മണിക്കൂറുകളാണ് കഴിഞ്ഞദിവസം പാർലമെന്റിൽ കഴിഞ്ഞുപോയത്. നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നിൽക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം പിന്നെയും പിന്നെയും ചേർത്തുപിടിക്കുന്ന കാഴ്ച നമ്മുടെ കണ്ണ് നനയിച്ചു.

കുറഞ്ഞ അക്കങ്ങൾക്ക് മാത്രം പിറകിലേക്ക് പോയ മതേതരശക്തി ആകാശത്തോളം ഉയർന്നുനിൽക്കുന്നുണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തിയ ദിവസമായിരുന്നു അത്.

അധികാരത്തിന്റെ തിണ്ണ മിടുക്കും പണക്കൊഴുപ്പും കൊണ്ട് ഒരു രാജ്യത്തെ തന്നെ വിറ്റു തുലക്കുന്ന ഫാഷിസ്റ്റുകളെ ഇരു സഭകളിലും മറികടക്കാൻ ഇനി ഏറെ ദൂരമില്ലെന്ന് ബോധ്യപ്പെട്ട ദിവസം.

ഫാഷിസ്റ്റുകളുടെ ഭീഷണി കൾക്ക് വഴിപ്പെടാൻ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യയെ കിട്ടില്ലെന്ന്‌ ബോധ്യപ്പെട്ട ദിവസം.

പ്രതികാര രാഷ്ട്രീയത്തിന്റെ ആയുധങ്ങൾ കൊണ്ട് തകർക്കാനും വിലക്കെടുക്കാനും ആവാത്തവിധം ശക്തമാണ് ഈ രാജ്യത്തിലെ മതേതര രാഷ്ട്രീയ മുന്നേറ്റം എന്നുകൂടി തെളിയിച്ച ദിവസം.

'ഞാനും നിങ്ങളും' അല്ല, "നമ്മൾ" എന്ന വാക്കാണ് ഉചിതമെന്ന് രാജ്യം പറഞ്ഞുറപ്പിച്ച ദിവസം.

ഭയലേശമന്യേ അവർ വിളിച്ചു പറഞ്ഞത് "ഞങ്ങളുണ്ട്

മർദ്ദിതരായ ഈ സമൂഹങ്ങൾക്കൊപ്പം" എന്നാണ്.

ഇന്നത് മുസ്ലിങ്ങൾക്ക് നേരെയാണെങ്കിലും,

നാളെ അതേത് മതന്യൂനപക്ഷങ്ങൾക്കെതിരായാലും ഇതുപോലെ പാറപോലെ ഉറച്ചുനിൽക്കും ഞങ്ങൾ ഈ അകത്തളത്തിൽ എന്നാണ്.

ഭയം കൊണ്ടും, പണം കണ്ടും കുനിഞ്ഞു കീഴ്പ്പെടുന്നൊരു കാലത്ത് കേൾക്കുന്ന ഈ ഉറപ്പ് ഒരു ചെറിയ ആശ്വാസമല്ല നൽകുന്നത്.

അതിനിടയിൽ കേരളത്തിലെ ചില കോണുകളിൽ നിന്ന് കേൾക്കുന്ന വർഗീയ വായാടിത്തങ്ങൾ നമ്മിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്.

തൊണ്ണൂറും കഴിഞ്ഞു എന്ന് സ്വയം പ്രഖ്യാപിച്ച വെള്ളാപ്പള്ളിയുടെ "അത്തും പിത്തുമല്ല"ആ വർത്തമാനമാനം എന്നും നൂറു കടന്ന ആർഎസ്എസിന്റെ നാവാട്ടമാണ് കേൾക്കുന്നത് എന്ന സത്യം തിരിച്ചറിയണം.

പറയുന്നത് വെള്ളാപ്പള്ളി ആണെന്ന തരത്തിൽ നമ്മളതിനെ നിസാരമാക്കിയാൽ നാളെ പുതിയ വെള്ളാപ്പള്ളിമാർ തെരുവിലിറങ്ങും.

വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് നിലപാടെടുത്ത KCBC യുടെ ആഹ്വാനവും അത്രക്ക് നിസ്സാരമല്ല.

മുനമ്പത്തെ ഒരുപറ്റം മനുഷ്യർ നിസ്സഹായരായി നിന്നപ്പോൾ,

പ്രശ്നം വഖഫാണെന്ന് സർക്കാർ നിലപാട് എടുത്തപ്പോൾ,

ആ സമൂഹത്തിനുവേണ്ടി നിലകൊണ്ടവരാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ.

അതൊരു ഔദാര്യമാ യിട്ടല്ല,ആരുടെയും അവകാശങ്ങൾ

ഹനിക്കപ്പെടരുത് എന്ന നീതി ബോധമാണ്.

ഞങ്ങൾ അവരുടെ ആ കൂടെയാണെന്ന് പ്രഖ്യാപനം! !

ഇനി വഖഫ് ഭൂമിയാണെങ്കിൽ തന്നെ സർക്കാറിന് അത് പരിഹരിച്ചു നൽകാനുള്ള അവകാശമുണ്ടെന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും നൽകുമെന്ന പ്രഖ്യാപനം.

ആരുംകുടിയൊഴിപ്പിക്കപ്പെടില്ലെന്ന ഉറപ്പ്.

ഒരു മുനമ്പത്തെയല്ല, ഇന്ത്യയുടെ പാർലമെന്റിൽ ഒരു ഫാഷിസ്റ്റ് ഗവൺമെന്റ് മുസ്ലിങ്ങളെ ആകമാനം ബാധിക്കുന്ന അപകടകരമായ ഒരു വർഗീയ ബില്ല് അവതരിപ്പിക്കുമ്പോൾ അതിനാൽ പ്രയാസപ്പെടുന്ന സമുദായത്തോട് ഒരു ചർച്ച പോലും നടത്താതെ ഫാഷിസത്തോട് ഒട്ടി നിൽക്കാൻ കെസിബിസി കാണിച്ച താല്പര്യം നിരാശ പടർത്തിക്കുന്നുണ്ട്.

ഈ ബില്ലിൽ അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് ഒരു നേട്ടവും ഇല്ലാത്തിരുന്നിട്ട് കൂടി അവർ സംഘപരിവാരത്തിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു.

എന്നാൽ കേരളത്തിലെ യഥാർത്ഥ ക്രിസ്തു മതവിശ്വാസികൾ അധികാരത്തിനു മുമ്പിൽ മുട്ടിലിഴയുന്നവർക്കൊപ്പമല്ല എന്നതാണ് ആശ്വാസം.

അവരുടെ പ്രതിനിധികൾ പാർലമെന്റിൽ പറഞ്ഞത് നാം കേട്ടതാണല്ലോ.

ഇതല്ല ഇന്ത്യ എന്ന് നമ്മൾ കണ്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്.

താത്കാലിക ലാഭ കൊയ്ത്തുകാരുടെയും ഞരമ്പ് രോഗികളായ വർഗീയവാദികളുടെയും മുകളിൽ നിൽക്കാൻ കഴിയുന്ന കരുത്ത് ഈ നാടിനുണ്ട്.

അപക്വമായ നിലപാടുകൾ എടുത്തവരാണ് നാളെ അപകടപ്പെട്ട് നിൽക്കുന്നതെങ്കിൽ അവരെയും ഒരുമിച്ചു ചേർന്ന് ചേർത്തുപിടിച്ചു നിൽക്കാൻ കഴിയുന്ന ഒരുമയുടെ നാടാണ് നമ്മുടെ നാട്.

എല്ലാത്തിനും മുന്നിൽ നമുക്ക് ബലമായി കരുത്തായി..

ധൈര്യമായി... നേതാവായി... അയാളുണ്ട്

രാഹുൽ.

രാഹുൽ എന്ന് കേൾക്കുമ്പോൾ ഉള്ളറിഞ്ഞു “ഗാന്ധി ” എന്നുകൂടി ചേർത്തുവിളിക്കാൻ തോന്നിക്കുന്ന ഒരാൾ.

ഒരു ഗാന്ധിയെ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.

Content Highlights- Muslim League leader KM Shaji praises opposition's strong voice against Waqf Bill

dot image
To advertise here,contact us
dot image