
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്ക് എതിരെ മുസ്ലിം ലീഗ് നാളെ സുപ്രീം കോടതിയെ സമീപിക്കും. രാജ്യസഭ അംഗം ഹാരിസ് ബീരാൻ എംപി വഴി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകും. കബിൽ സിബലാകും ലീഗ് ഹർജി വാദിക്കുക.
ഇന്നലെ രാഷ്ട്രപതി ദൗപതി മുർമു ഒപ്പ് വെച്ചതോടെ ബില്ലിന് നിയമപരമായി അംഗീകാരം ലഭിച്ചിരുന്നു. വഖഫ് ബിൽ മതേതരത്തിന് ഏറ്റ തിരിച്ചടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ബില്ലെനെതിരെ ഏപ്രിൽ 16ന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കുമെന്നും, ഡൽഹിയിലടക്കം ദേശീയ തലത്തിലും പ്രതിഷേധങ്ങൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചു. ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗൊഗോയി, മുഹമ്മദ് ജാവേദ്, അസദുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ വോട്ടെടുപ്പ് നടന്നു. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയുമായിരുന്നു.
രാജ്യസഭയിലും സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചു. ബില്ലിലെ വ്യവസ്ഥകളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുള്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ എന്നിവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. പിന്നാലെ നടന്ന വോട്ടെടുപ്പിൽ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. പ്രതിപക്ഷ എംപിമാര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടെടെ തള്ളി. ഇതോടെ ബില്‍ രാജ്യസഭയും കടക്കുകയായിരുന്നു.
Content Highlights: Muslim League will approach the Supreme Court tomorrow against the amendment of the Waqf Act