
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ പിതാവ്. മകളും സുകാന്തും ഒരുമിച്ച് യാത്ര ചെയ്തത് താന്‍ കണ്ടുപിടിച്ചെന്നും വിവാഹം കഴിക്കാനുളള അവരുടെ തീരുമാനത്തെ എതിര്‍ത്തിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് മകളോട് പറഞ്ഞിരുന്നുവെന്നും സുകാന്തിന്റെ സംസാരം മകള്‍ക്ക് മനോവിഷമമുണ്ടാക്കിയിരിക്കാം, തുടര്‍ന്നാകാം മകള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പിതാവിന്റെ പ്രതികരണം.
'അന്വേഷണത്തില്‍ പുരോഗതിയുണ്ട്. ഐബി ഉദ്യോഗസ്ഥന്‍റെ ബുദ്ധിക്ക് മുകളില്‍ ചിന്തിക്കാന്‍ പൊലീസിനാകുന്നില്ല. സുകാന്തും മകളും ഒടുവില്‍ സംസാരിച്ചതിന്റെ വിശദാംശം പൊലീസിനറിയാം. സുകാന്തിന്റെ സംസാരം മകള്‍ക്ക് മനോവിഷമമുണ്ടാക്കിയിരിക്കാം. തുടര്‍ന്നായിരിക്കാം അവള്‍ മരിക്കാന്‍ തീരുമാനിച്ചത്. മകള്‍ മരിച്ച് അരമണിക്കൂറിനുളളില്‍ സുകാന്ത് മകളുടെ ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചു. മകള്‍ ഹോസ്റ്റലില്‍ ചെന്നോ എന്ന് അന്വേഷിച്ചുകൊണ്ടാണ് സുകാന്ത് വിളിച്ചത്. സംസാരത്തിനിടെ മരിക്കുമെന്ന സൂചനകള്‍ മകള്‍ സുകാന്തിന് കൊടുത്തിരിക്കാം. അതുകൊണ്ടായിരിക്കും മകള്‍ അവിടെയെത്തിയോ എന്ന് വാര്‍ഡനെ വിളിച്ച് ചോദിച്ചത്'- മേഘയുടെ പിതാവ് പറഞ്ഞു. അവസാനമായി മകള്‍ അമ്മയെ വിളിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉളളതായി തോന്നിയില്ലെന്നും പുറത്തുനിന്നും ആഹാരം വാങ്ങി ഹോസ്റ്റലിലേക്ക് പോവുകയാണ് എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേട്ടയില്‍ പത്തനംതിട്ട സ്വദേശി മേഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ഓഫീസറാണ് യുവതി. മരണത്തിന് തൊട്ടുമുന്‍പ് മേഘ സുഹൃത്തായ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നു. യുവതി മരിച്ച് പത്തുദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. യുവതി കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ തെളിവുള്‍പ്പെടെ കുടുംബം നല്‍കിയിട്ടുണ്ട്. അതേസമയം, ആരോപണവിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് ഒളിവിലാണ്. സുകാന്തിനായി പൊലീസ് കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: late IB officer's father against sukanth