'ഫ്രം കണിച്ചുകുളങ്ങര ടു നാഗ്പൂർ',വിദ്വേഷ പ്രസംഗത്തിൽ വെള്ളാപ്പള്ളി പിസി ജോർജിനോട് മത്സരിക്കുന്നു: സമസ്ത

ശ്രീനാരായണ ഗുരു പറയുകയും പ്രയോഗിച്ച് കാണിക്കുകയും ചെയ്ത ആശയങ്ങളുടെ നേര്‍വിപരീതമാണ് പലപ്പോഴും വെള്ളാപ്പള്ളി പറയുന്നതെന്നും സുപ്രഭാതം

dot image

കോഴിക്കോട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ സമസ്ത. നാരായണീയരെ നാഗ്പൂരിലേക്ക് ആട്ടിത്തെളിക്കുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ വിമര്‍ശനം. നാഗ്പൂരിലേക്കുള്ള ദൂരം കുറയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും വിമര്‍ശനമുണ്ട്. നാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു. 'ഫ്രം കണിച്ചുകുളങ്ങര ടു നാഗ്പൂര്‍' എന്ന തലക്കെട്ടോട് കൂടിയുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനം.

'മഹാകവി കുമാരാനാശാനും ഡോ. പല്‍പ്പുവുമൊക്കെ ഇരുന്ന സംഘത്തിന്റെ നേതൃസ്ഥാനങ്ങളിലിരുന്നാണ് കണിച്ചുകുളങ്ങര കേശവന്‍ മുതലാളിയുടെയും ദേവകിയമ്മയുടെയും മകന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണീയരെ മൊത്തത്തില്‍ നാഗ്പൂരിലെ കാവി രാഷ്ട്രീയത്തിന്റെ ഗുഹാമുഖത്തേക്ക് ആട്ടിത്തെളിക്കുന്നത്. നാഗ്പൂരിലേക്കുള്ള ദൂരം കുറച്ച് കൊണ്ടുവരാന്‍ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിലെ ജാതി-മത സൗഹൃദങ്ങളെ എവിടെ എത്തിക്കുമെന്ന് എസ്എന്‍ഡിപിക്കാര്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ?', സുപ്രഭാതത്തില്‍ പറയുന്നു.

ശ്രീനാരായണ ഗുരു പറയുകയും പ്രയോഗിച്ച് കാണിക്കുകയും ചെയ്ത ആശയങ്ങളുടെ നേര്‍വിപരീതമാണ് പലപ്പോഴും വെള്ളാപ്പള്ളി പറയുന്നതെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി. 'ജാതിഭേദം, മതവിദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്ന് നാരായണഗുരു, ജാതിയുടെയും മതത്തിന്റെയും പേരില്‍ ഹേറ്റ് സ്പീച്ചുമായി നടേശന്‍ ഗുരു' എന്നും സമസ്ത പരിഹസിക്കുന്നു. അപര സമുദായക്കാര്‍ക്ക് ദോഷം വരുമ്പോള്‍ ആത്മസുഖം തോന്നുന്ന ആളാവണമെന്നാണ് വെള്ളാപ്പള്ളി മുന്നോട്ട് വെക്കുന്നതെന്നും സുപ്രഭാതത്തില്‍ പറയുന്നു. ഒരു പക്ഷേ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനോട് മത്സരിക്കുകയാവും അദ്ദേഹമെന്നും കേരളം ഈ മുതലാളിയെ തിരിച്ചറിഞ്ഞിട്ട് കാലമേറെ കഴിഞ്ഞെന്നും മുഖപ്രസംഗത്തില്‍ കുറിക്കുന്നു.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശവമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.

'നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ', വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശനത്തിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.

Content Highlights: Samasta criticize Vellappally Natesan on Malappuram hate speech

dot image
To advertise here,contact us
dot image