പിണറായിയുമായുള്ള ബന്ധം വെച്ച് സ്കൂളും കോളേജും എല്ലാം എയ്ഡഡ് ആക്കി തരാൻ പറയൂ; വെള്ളാപ്പള്ളിയോട് ടി പി അഷ്റഫലി

മലപ്പുറം ജില്ലയ്ക്കെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് ടി പി അഷ്റഫലി

dot image

മലപ്പുറം: മലപ്പുറം ജില്ലയ്ക്കെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് ടി പി അഷ്റഫലി. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവിടത്തുകാർ ആരെങ്കിലും എതിർപ്പ് പറഞ്ഞോയെന്നും എസ്എൻഡിപി കോളേജുകൾ പെരിന്തൽമണ്ണയിലും വളാഞ്ചേരിയിലുമെല്ലാം ആരംഭിച്ചപ്പോൾ ആരെങ്കിലും എതിർത്തിരുന്നോവെന്നുമായിരുന്നു അഷ്റഫലിയുടെ ചോദ്യം. ഈഴവ സമുദായത്തിന് ജില്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്ന വെള്ളാപ്പള്ളിയുടെ ഇന്നത്തെ വിശദീരണത്തിനായിരുന്നു ടി പി അഷ്റഫലിയുടെ മറുപടി. പിണറായിയുമായുള്ള ബന്ധം വെച്ച് സ്കൂളും കോളേജും എല്ലാം എയ്ഡഡ് ആക്കി തരാൻ പറയാനും വെള്ളാപ്പള്ളിയോട് ടിപി അഷ്റഫലി ആവശ്യപ്പെട്ടു.

'ചേർത്തലയിലും കൊല്ലത്തും മാത്രം സ്ഥാപനങ്ങൾ വികസിപ്പിക്കാതെ താങ്കളുടെ പ്രസ്ഥാനത്തിൻ്റെ വാർഷിക ബജറ്റിൽ ഈ മലപ്പുറത്തെ സ്ഥാപനത്തിനും ഫണ്ട് അനുവദിക്കൂ. ഇവിടുത്തെ എസ്എൻഡിപി സ്ഥാപനങ്ങളും വളരട്ടെ. ഞങ്ങളുടെ നാട്ടിലായതിനാൽ എല്ലാ സഹകരണങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകും'', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ടി പി അഷ്റഫലിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട വെള്ളാപ്പള്ളി,
നിങ്ങൾ മലപ്പുറത്തിനെതിരെ പ്രസംഗിച്ച ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് കഷ്ടി 5 കിലോമീറ്ററിൽ താഴെയുള്ളൂ എൻ്റെ നാടായ എടക്കര കൗക്കാടുള്ള SN ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക്.
ഒരു പതിറ്റാണ്ടിലേറെയായി ഒട്ടും ഭൗതികസൗകര്യങ്ങളില്ലാതെ ഞങ്ങളെ നാട്ടിലെ പാവങ്ങളായ ശ്രീനാരായണീയർ ഞെങ്ങി ഞ്ഞെരങ്ങി നടത്തുകയാണീ സ്ഥാപനം.
പ്രിയപ്പെട്ട വെള്ളാപ്പള്ളി, താങ്കൾക്കീ സ്ഥാപനത്തിനെ കുറിച്ചറിയുമോ എന്നറിയില്ല.
മലപ്പുറത്തെ കുറിച്ച് പറഞ്ഞതിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാലാണ് താങ്കൾ അങ്ങിനെ പറഞ്ഞതെന്ന വിശദീരണവും ഇന്ന് കണ്ടപ്പോഴാണ് ഈ സ്കൂൾ ഓർമ്മ വന്നത്. താങ്കൾക്ക് ആതിഥേയത്വം നൽകിയ, സമ്മേളനം സംഘടിപ്പിച്ച SNDP നിലമ്പൂർ യൂണിയനാണ് ഈ സ്ഥാപനം നടത്തുന്നത്.
ഇവിടെ ഒരു നല്ല കെട്ടിടം നിർമ്മിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും മലപ്പുറത്തെ ആരാണ് തടസ്സം? ലീഗ് എന്തായാലും ഒരു തടസ്സമല്ല. ചുങ്കത്തറയിൽ തന്നെയുള്ള മാർത്തോമാ കോളേജിനും, ഹയർ സെക്കൻ്ററി സ്കൂളിനും, ഓർത്തഡോക്സ് സഭയുടെ MPM സ്കൂളിനും, നിങ്ങൾ പ്രസംഗത്തിൽ പരാമർശിച്ച "മഞ്ചേരി ഭാസ്കരൻ പിള്ള" എന്ന ഞങ്ങളുടെ പിള്ള സാറിൻ്റെ ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറിയും, കോളേജും, ബിഎഡ് കോളേജും എല്ലാം വളരാൻ ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും നൽകിയവരാണ് ഞങ്ങൾ. SNDP ക്കും ആ പിന്തുണ കിട്ടും അതിന് ആദ്യം നിങ്ങൾ മുൻകൈ എടുക്കണം.
ചേർത്തലയിലും കൊല്ലത്തും മാത്രം സ്ഥാപനങ്ങൾ വികസിപ്പിക്കാതെ താങ്കളുടെ പ്രസ്ഥാനത്തിൻ്റെ വാർഷിക ബജറ്റിൽ ഈ മലപ്പുറത്തെ സ്ഥാപനത്തിനും ഫണ്ട് അനുവദിക്കൂ. ഇവിടുത്തെ SNDP സ്ഥാപനങ്ങളും വളരട്ടെ. ഞങ്ങളുടെ നാട്ടിലായതിനാൽ എല്ലാ സഹകരണങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകും.
മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവിടുത്തുകാർ ആരെങ്കിലും എതിർപ്പ് പറഞ്ഞിട്ടാണോ താങ്കൾ ആരംഭിക്കാത്തത്? SNDP കോളേജുകൾ പെരിന്തൽമണ്ണയിലും വളാഞ്ചേരിയിലുമെല്ലാം ആരംഭിച്ചപ്പോൾ ആരെങ്കിലും എതിർത്തിരുന്നോ?


മേൽ പറഞ്ഞ സ്ഥാപനങ്ങൾ എല്ലാം അൺ എയിഡഡ് ആണല്ലോ. എടക്കര SN സ്കൂളിന് CBSE അംഗീകാരവുമില്ല.
താങ്കൾക്ക് പിണറായിയുമായുള്ള ആഴബന്ധം വെച്ച് സ്കൂളും കോളേജും എല്ലാം എയിഡഡ് ആക്കി തരാൻ പറയൂ.
ഏപ്രിൽ 11 ന് താങ്കളെ ആദരിക്കാൻ ചേർത്തലയിലെ വലിയ മൈതാനത്തേക്ക് കേരള മുഖ്യമന്ത്രി വരുന്നുണ്ടല്ലോ.
മലപ്പുറത്തുള്ള SNDP സ്ഥാപനങ്ങൾ എയിഡഡ് ആയി പിണറായി പ്രഖ്യാപിക്കട്ടെ . കഴിഞ്ഞ 9 വർഷമായി പിണറായി ആണല്ലോ കേരള മുഖ്യമന്ത്രി. CPM ആണല്ലോ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് . അദ്ദേഹത്തിൻ്റെ സർക്കാറല്ലേ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകേണ്ടതും പുതിയത് നൽകേണ്ടതും. അങ്ങിനെ മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്ത് ഒരു തളർച്ചയുണ്ടെന്ന് താങ്കൾക്ക് വാദമുണ്ടെങ്കിൽ ഒരു കുതിപ്പുണ്ടാക്കാൻ താങ്കൾക്ക് തന്നെ കഴിയട്ടെ. കൂട്ടത്തിൽ അംഗീകാരമില്ലാത്ത SN സ്കൂളിന് ഒരു CBSE അംഗീകാരം നൽകാൻ കേന്ദ്രത്തോടും പറയണം. തുഷാർ വെള്ളാപ്പള്ളി എന്ന അങ്ങയുടെ മകൻ NDA കൺവീനറായതിനാൽ വേഗം ശരിയാക്കാമല്ലോ. അദ്ദേഹത്തിന് വയനാട് പാർലിമെൻ്റ് മണ്ഡലത്തിൽ മത്സരിച്ചതിനാൽ ഈ ഭാഗമെല്ലാം നന്നായി അറിയാനും മതി.
ചുരുക്കത്തിൽ കേന്ദ്രത്തിലെയും കേരളത്തിലെയും പത്തായത്തിൽ ഒരേസമയം നെല്ല് സംഭരണമുള്ള താങ്കൾക്ക് രണ്ടും സാധ്യമാക്കാൻ കഴിയുമല്ലോ.

മലപ്പുറത്ത് SNDP ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലന്നുള്ള താങ്കളുടെ ആ പരാതിക്ക് പരിഹാരമാവാൻ താങ്കളുടെ ഈ മലപ്പുറം വിരുദ്ധ, വംശീയ പരാമർശം ഉപകാരപ്പെടട്ടെ. അതുവഴി ഇവിടുത്തെ ഞങ്ങളുടെ സഹോദരൻമാരായ SNDP അംഗങ്ങൾക്കും മറ്റു സമുദായത്തിലെ കുട്ടികൾക്കുമെല്ലാം പഠിക്കാൻ അവസരങ്ങളും സ്ഥാപനങ്ങളും ഉണ്ടാവട്ടെ.
എല്ലാവിധ പിന്തുണകളും ആശംസകളും.

Content Highlights: t p ashrafali against vellappally

dot image
To advertise here,contact us
dot image