'മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം'; ജിഫ്രി മുത്തുക്കോയ തങ്ങൾ

മുട്ടിച്ചിറ ആണ്ടുനേർച്ചയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്

dot image

മലപ്പുറം: മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം ജില്ലയിൽ ആർക്കും നിർഭയമായി എപ്പോൾ വേണമെങ്കിലും സഞ്ചരിക്കാം. ജില്ലയിൽ വന്ന് ജനങ്ങളുമായി സംവദിക്കാത്തവരാണ് ജില്ലയെ മോശമായി ചിത്രീകരിക്കുന്നത്. ഇത്തരം അപവാദങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ജിഫ്രി മുത്തുക്കോയ പറഞ്ഞു. മുട്ടിച്ചിറ ആണ്ടുനേർച്ചയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.

'നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ', എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.

Content Highlights-'Hateful remarks about Malappuram should be rejected with the contempt they deserve'; Jifri Muthukoya Thangal

dot image
To advertise here,contact us
dot image