സർക്കാരിന് ആശ്വാസം; മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

dot image

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് വെള്ളിയാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ഉത്തരവിലൂടെയാണ് ഡിവിഷന്‍ ബെഞ്ച് ഈ ആവശ്യത്തെ അംഗീകരിച്ചത്.

കമ്മീഷന്റെ പ്രവര്‍ത്തന കാലാവധി മാര്‍ച്ച് 28ന് അവസാനിച്ചിരുന്നു. പിന്നാലെ പ്രവര്‍ത്തനം തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വാദം. പിന്നാലെ നിയമനം റദ്ദാക്കുകയായിരുന്നു. വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് സമാന്തരമായി കമ്മീഷനെ നിയമിക്കാനാകില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

ഈ ഉത്തരവാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരിക്കുന്നത്. അപ്പീലില്‍ അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും. ജൂലൈയിലായിരിക്കും വിശദമായ വാദം കേള്‍ക്കുക. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Content Highlights: Munambam Judicial Commission High Court Division Bench stayed High Court single bench order

dot image
To advertise here,contact us
dot image