
മലപ്പുറം: വീട്ടിലെ പ്രസവത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആംബുലന്‍സ് ഡ്രൈവര്‍. തെറ്റിദ്ധരിപ്പിച്ചാണ് മരിച്ച അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആംബുലന്‍സ് വിളിച്ചതെന്ന് ഡ്രൈവര്‍ അനില്‍ പറഞ്ഞു. ശ്വാസംമുട്ട് മൂലം മരിച്ച വയോധികയുടെ മൃതദേഹം കൊണ്ട് പോവാന്‍ ഉണ്ടെന്ന് പറഞ്ഞാണ് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെരുമ്പാവൂരില്‍ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലന്‍സ് ഡ്രൈവര്‍ അനില്‍ വ്യക്തമാക്കി.
അതേസമയം അസ്മയുടെ മരണത്തില്‍ സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. യുവതിയുടെ മരണം അമിത രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അസ്മയ്ക്ക് കൃത്യസമയത്ത് ശുശ്രൂഷ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ അസ്മ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം സിറാജുദ്ദീന്‍ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരില്‍ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: Ambulance driver responds on Home Birth case in Malappuram