
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത അദ്ധ്യക്ഷനെ ചാനലുകള്‍ക്ക് മുന്നില്‍ വന്ന് ചിലര്‍ അപമാനിക്കുന്നുവെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഒരു തവണ ആണെങ്കില്‍ അബദ്ധമാണെന്ന് മനസിലാക്കാമെന്നും എന്നാല്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ പട്ടിക്കാട് ജാമിഅ മാനേജ്‌മെന്റിന് എതിരായ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തിന് തുടര്‍ച്ചയുണ്ടാകും. ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവമല്ല. കാത്തിരുന്ന് കാണാമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് മുന്നറിയിപ്പ് നല്‍കി. സമസ്ത നേതൃത്വത്തെ ദുര്‍ബലപ്പെടുത്താന്‍ ആണ് ശ്രമം. ഇ കെ വിഭാഗം സമസ്തയുടെ കീഴിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യ അറബ്ബിയയിലെ അധ്യാപകനും പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ അസ്ഗറലി ഫൈസിയെ ജാമിഅയില്‍ നിന്ന് പുറത്താക്കിയത് വീട്ടില്‍ നിന്ന് നാഥനെ പുറത്താക്കിയതിന് തുല്യമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. നടപടിയില്‍ പ്രതിഷേധവും സങ്കടവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാമിഅയുടെ ഭരണാഘടന വിരുദ്ധമാണ് നടപടിയെന്നും ഇത്തരം പ്രതിഷേധ സംഗമങ്ങള്‍ സമസ്ത വിജയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്ഗറലി ഫൈസി പട്ടിക്കാടിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ശിഷ്യരുടെ കൂട്ടായ്മയായ അന്‍വാറു ത്വലബ സ്റ്റുഡന്റ്സ് അസോസിയേഷനാണ് പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സംഗമം നടത്തിയത്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബ്ബിയയുടെ വാഖിഫ് ബാപ്പു ഹാജിയുടെ കുടുംബാംഗമായ അസ്ഗറലി ഫൈസിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവെക്കുന്ന ആദര്‍ശം പൊതുസമൂഹത്തിന് മുന്‍പില്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ അകാരണമായി ജാമിഅ മാനേജിങ് കമ്മിറ്റി യോഗം പുറത്താക്കുകയായിരുന്നുവെന്നും പ്രതിഷേധിച്ചവര്‍ ആരോപിച്ചു.
എസ്വൈഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി പി സി തങ്ങള്‍ പരിപാടി നാദാപുരം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫൈസല്‍ തങ്ങള്‍ ജീലാനി കാളാവ് അദ്ധ്യക്ഷനായി. എം പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, ഒ പി എം അഷ്റഫ് കുറ്റക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, അന്‍വര്‍ സ്വാദിഖ് ഫൈസി പാലക്കാട്, സുഹൈല്‍ ഹൈതമി പള്ളിക്കര, ഇസ്ഹാഖ് ഫൈസി അരക്കുപറമ്പ്, ശാഫി ഫൈസി മുടിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Hameed Faizy Ambalakkadavu against Muslim League leadership