ഒരുമാസം ഒരുതുള്ളി വെള്ളം പോലും കിട്ടില്ല;വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യം:കെ സുരേന്ദ്രൻ

ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു

dot image

മലപ്പുറം: മലപ്പുറം ജില്ലയ്‌ക്കെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യമാണന്നായിരുന്നു സുരേന്ദ്രന്റെ വാദം. ലീഗും മറ്റ് വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല. ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണ്. ഇ ടിയും കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ് ലീഗ് നേതാക്കളെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു. ഈഴവ സമുദായം ഉൾപ്പെടെ പിന്നോക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നതിൽ സർക്കാർ പഠനം നടത്താൻ തയ്യാറാകണം. മലപ്പുറത്ത് നടക്കുന്ന പല കാര്യങ്ങളും മറ്റുള്ള സ്ഥലങ്ങളിലേത് പോലെയല്ല. മലപ്പുറത്ത് ഒരു മാസം ഒരുതുള്ളി വെള്ളം പോലും ഒരാൾക്കും ലഭിക്കില്ല. ഇതൊരു ഫാസിസ്റ്റ് സമീപനമാണ്. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും ഒരു മാസം വെള്ളം പോലും ലഭിക്കില്ല. സ്വന്തം അനുഭവത്തിൽ നിന്നാണിത് പറയുന്നത്. ഒരു പുരോഗമന പാർട്ടിക്കാരും അതിനെപ്പറ്റി സംസാരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറം ജില്ലയിൽ വാക്സിൻ എടുക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വൻതോതിൽ അതിന് പ്രചാരണം ലഭിക്കുന്നു. ആശുപത്രിയിൽ ചികിത്സയ്ക്ക് പോകരുത്, വാക്സിൻ എടുക്കരുത് എന്നാണ് അവ‍‍ർ പറയുന്നത്. ഇതൊക്കെ എന്താണെന്ന് ചോദിച്ച സുരേന്ദ്രൻ നിഗൂഢ ശക്തികൾ മലപ്പുറത്ത് വൻ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ആരോപിച്ചു. മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വം ആരും ചോദ്യം ചെയ്യാത്തതുകൊണ്ട് ഇതൊന്നും പുറത്തു വരുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതൽ തൃശ്ശൂർ ജില്ലയുടെ അതിർത്തി പ്രദേശം വരെ ഒരു മാസം ഒരു തുള്ളി വെള്ളം ആർക്കും കിട്ടില്ലെന്നും കെ സുരേന്ദ്രൻ ആവ‍ർത്തിച്ചു.

മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്ക അവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.

Content Highlights: K Surendran supports controversial statement made by Vellappally Natesan on malappuram

dot image
To advertise here,contact us
dot image