
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഐഎം നേതാവ് ഐ പി ബിനുവിന് പിന്തുണയുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ബിനു പാർട്ടി നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തിയാണെന്നും ആയങ്കിയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങാൻ ബിനുവിനെ കിട്ടില്ലെന്നും എം വി ജയരാജൻ പറഞ്ഞു. ക്വട്ടേഷന് പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് അർജുൻ ആയങ്കി. സിപിഐഎം എന്ന പാർട്ടി ആയങ്കിമാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.
എകെജി സെന്റർ ആക്രമണക്കേസ് പ്രതിക്കൊപ്പം അർജുൻ ആയങ്കിയുടെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടായിരുന്നു ഐ പി ബിനു വിമർശിച്ചത്. പ്രസ്ഥാനത്തെ നശിപ്പിക്കാൻ ആയങ്കിമാർ ശ്രമിക്കുന്നുവെന്നും വെല്ലുവിളിക്കാനാണ് ഉദ്ദേശമെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്നും ഐ പി ബിനു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാവപ്പെട്ട പ്രസ്ഥാനത്തിന്റെ ജീവനായ സഖാക്കളെ പിൻപറ്റി ചില ദുരുദ്ദേശങ്ങൾ നടപ്പാക്കാമെന്ന് കരുതിയാൽ അതിനെ മുളയിലെ നുള്ളുക തന്നെ ചെയ്യുമെന്നും ഐ പി ബിനു പറഞ്ഞു.
ഇതിന് പിന്നാലെ ഐ പി ബിനുവിന് മറുപടിയുമായി അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു. താൻ ഇപ്പോൾ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നായിരുന്നു അർജുൻ ആയങ്കി പറഞ്ഞത്. തനിക്ക് എല്ലാ പാർട്ടിയിലും ഉൾപ്പെട്ട സുഹൃത്തുക്കൾ ഇപ്പോഴുണ്ട്. പാർട്ടി തന്നെ വർഷങ്ങൾക്ക് മുൻപേ തള്ളിപ്പറഞ്ഞതാണ്. എകെജി സെൻ്ററിൽ ബോംബെറിഞ്ഞ വ്യക്തിയെ വ്യക്തിപരമായി പരിചയമില്ല. സുഹൃത്തിൻ്റെ സുഹൃത്താണയാൾ. അതുകൊണ്ടുതന്നെ സുഹൃത്തിന്റെ കൂടെ വരുന്നവരുടെ ചരിത്രം പരിശോധിച്ചിട്ടല്ല കൂടെ ഇരുന്നത്. താനിപ്പോള്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. പാർട്ടിയുടെ യാതൊരുവിധ ഘടകത്തിലുമില്ലെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞിരുന്നു.
content highlights : Post against Arjun Ayanki; MV Jayarajan publicly supports IP Binu