
തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണര്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. രാജ്യത്തെ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തില്‍ വിധി പ്രസ്താവം നടത്തിയ സുപ്രീംകോടതിയെ അഭിനന്ദിക്കുന്നുവെന്ന് ആര്‍ ബിന്ദു പറഞ്ഞു. ഒരു സിനിമയെടുത്താല്‍ പോലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നിലയാണ് ഇന്നുളളത്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഈ ഘട്ടത്തിലുളള സുപ്രീംകോടതി വിധി ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
തമിഴ്‌നാട് ഗവര്‍ണര്‍ സ്വീകരിച്ച അതേ നിലപാടാണ് കേരളാ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും സ്വീകരിച്ചിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍മാരുടെ ഇത്തരം നിലപാടുകള്‍ അപലപനീയമാണ്. ഗവര്‍ണര്‍മാര്‍ ചെയ്യാന്‍പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് പരമോന്നതപീഠം നിരീക്ഷിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ പിന്നോട്ടുവലിക്കുന്ന രീതിയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത്. സര്‍വകലാശാലകള്‍ക്കുളളില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി. സമാനമായ വിധിപ്രസ്താവം നടത്തിയ സുപ്രീംകോടതിയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ചട്ടവിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഭരണഘടന ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ബില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു സുപ്രധാന വിധി. ഭരണഘടന അനുസരിച്ച് മൂന്ന് വ്യവസ്ഥകളാണുളളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: R Bindu about supreme court verdict tn governor