'കൃത്യമായ മറുപടി നൽകി;സിപിഐഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇ ഡിക്ക് ബോധ്യപ്പെട്ടു'

ഒരു മണിക്കൂര്‍ മാത്രമാണ് ഇ ഡി ചോദ്യം ചെയ്തതെന്നും ബാക്കി സമയം ഓഫീസിലിരുന്നുവെന്നും കെ രാധാകൃഷ്ണന്‍

dot image

പാലക്കാട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെക്കുറിച്ച് പ്രതികരിച്ച് കെ രാധാകൃഷ്ണന്‍ എംപി. സിപിഐഎം ജില്ലാ കമ്മിറ്റിക്ക് ബാങ്കില്‍ അക്കൗണ്ടില്ലെന്ന് ഇഡിക്ക് ബോധ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം ജില്ലാക്കമ്മിറ്റി കരുവന്നൂരില്‍ ഇടപ്പെട്ടതിനെ കുറിച്ച് ചോദിച്ചെന്നും കരുവന്നൂര്‍ ബാങ്കില്‍ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനെന്ന് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

'അക്കൗണ്ടില്ലെന്ന് ഞാന്‍ പറഞ്ഞു. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് പരിശോധിക്കാന്‍ പറഞ്ഞു. ഡിസിയുടെ പേരില്‍ കരുവന്നൂരില്‍ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയില്‍ ഞാന്‍ ഒപ്പിടില്ലെന്നും പറഞ്ഞു. അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി', കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സ്വത്തു വിവരങ്ങള്‍, അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നേരത്തെ കൈമാറിയിരുന്നുവെന്നും എന്നാല്‍ സ്വത്തുക്കള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇ ഡിയ്ക്ക് ബോധ്യപ്പെട്ടെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ ഇ ഡിയോട് വിശദീകരിച്ചെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ഒരു മണിക്കൂര്‍ മാത്രമാണ് ഇ ഡി ചോദ്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്കി സമയം ഓഫീസിലിരുന്നുവെന്നും എംപി വ്യക്തമാക്കി.എട്ട് മണിക്കൂര്‍ ഇ ഡി ഓഫീസില്‍ എംപിയുണ്ടായിരുന്നു. കെ രാധാകൃഷ്ണന്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി പരിശോധിച്ചത്.

കരുവന്നൂര്‍ ബാങ്കുമായുളള സിപിഐഎം ബന്ധം, സിപിഐഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് കെ രാധാകൃഷ്ണനോട് ഇ ഡി ചോദിച്ചറിഞ്ഞത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതുള്‍പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എംപി രേഖാമൂലം അസൗകര്യമറിയിക്കുകയായിരുന്നു.

പിന്നീട് ചൊവ്വാഴ്ച ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവിലെ സിപിഐഎം ജില്ലാ സെക്രട്ടറിയെയും ഇ ഡി ചോദ്യംചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ 324 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ ഡി പറയുന്നത്. ബാങ്ക് ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിട്ടില്ല.

Content Highlights: Karuvannoor case K Radhakrishnan responds about ED questioning

dot image
To advertise here,contact us
dot image