
തിരുവനന്തപുരം: മുസ്ലിം വിഭാഗത്തെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന നടപടികളുമായി സംഘപരിവാര് മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണങ്ങളും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടത്തില് ന്യൂനപക്ഷ വിഭാഗങ്ങള്ക്ക് തെറ്റിദ്ധാരണയുണ്ടാകുന്ന വിധത്തിലുള്ള പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വഖഫ് ഭേദഗതി ബില് പാസായപ്പോള് മുനമ്പം പ്രശ്നത്തിന് പരിഹാരമായി എന്ന് തെറ്റിദ്ധരിപ്പിക്കാനുളള ശ്രമങ്ങള് നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രിതമായി സാമുദായിക സംഘര്ഷത്തിന് തീ കോരിയിടാനുളള ശ്രമമാണ് ചിലര് നടത്തുന്നത്. വഖഫ് ബില്ലും മുനമ്പം വിഷയവും ബന്ധിപ്പിച്ചുളള ബിജെപിയുടെ വാദങ്ങള് അവരുടെ രാഷ്ട്രീയ അജണ്ടയാണ് വ്യക്തമാക്കുന്നത്. ബിജെപിയുടെ ക്രിസ്ത്യന് പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണ് ഇവിടെ കാണാന് കഴിയുന്നത്. വര്ഗീയ മുതലെടുപ്പിനുളള ശ്രമമാണ് മുനമ്പത്തെ മുന്നിര്ത്തി ബിജെപി നടത്തുന്നത്. ഇത് മുനമ്പം നിവാസികള് തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജബല്പൂരില് ക്രൈസ്തവര്ക്ക് നേരെ ആക്രമണം നടന്നത് ഇതേ സമയത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നും രണ്ട് സംസ്ഥാനങ്ങളില് ക്രൈസ്തവര്ക്കുനേരേ ആക്രമണം നടന്നത് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. സംഘപരിവാര് സംഘടനകളാണ് ഈ ആക്രമണങ്ങള്ക്കെല്ലാം പിന്നില്. പൊലീസിന്റെ സാന്നിദ്ധ്യത്തിലും ആക്രമണം നടക്കുകയാണ്. ക്രൈസ്തവ-ന്യൂനപക്ഷങ്ങളോട് സംഘപരിവാര് പുലര്ത്തുന്ന അടിസ്ഥാന നിലപാട് എന്താണെന്ന് വ്യക്തമാക്കുന്ന ഒന്നാണ് ജബല്പൂരില് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്എസ്എസ് ആഭ്യന്തര ശത്രുക്കളായി മൂന്ന് കൂട്ടരെയാണ് കണക്കാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില് രണ്ട് കൂട്ടര് മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ്. വഖഫ് ഭേദഗതി ബില് പാസായതിന് പിന്നാലെ ആര്എസ്എസ് മുഖപത്രത്തില് അവരുടെ നിലപാട് വ്യക്തമാക്കിയതാണല്ലോ. കത്തോലിക്കാ സഭയാണ് വഖഫ് ബോര്ഡിനേക്കാള് ഭൂമി കയ്യടക്കിവെച്ചിരിക്കുന്നത് എന്നാണ് അവര് പറയുന്നത്. സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭയും സഭയുടെ സ്വത്തുമാണെന്ന് അവര് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇനി പാര്ലമെന്റില് സ്വകാര്യ ബില്ലുകള് ഏത് വിഷയത്തിലാവും അവതരിപ്പിക്കപ്പെടുക എന്ന് നമുക്ക് ഊഹിക്കാം. ബിജെപി ഇവിടെ കാണിക്കുന്ന ക്രിസ്ത്യന് പ്രേമം അടിമുടി വ്യാജമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പത്തെ വിഷയം ന്യായവും അതേസമയം സങ്കീര്ണവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്ഷങ്ങളായി അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങള് സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സര്ക്കാര് ആഗ്രഹിക്കുന്നത്. അതിനായി എന്തുചെയ്യണമെന്നാണ് സര്ക്കാര് ആലോചിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. കമ്മീഷനെ സര്ക്കാര് നിയോഗിച്ചിട്ടുണ്ട്. മുനമ്പം കമ്മീഷന്റെ പ്രവര്ത്തനങ്ങള് മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസമില്ലെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. അതുവഴി പ്രശ്നപരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: Pinarayi vijayan on waqf bill and munamban land row bjp role