
ആലത്തൂർ : ഒരു മാല മോഷണത്തിൽ പിടികൂടിയ കള്ളന് കാവലിരിക്കേണ്ട ഗതികേടിലാണ് ആലത്തൂർ പൊലീസ് ഇപ്പോൾ. സംഭവം മറ്റൊന്നുമല്ല, മോഷ്ടാവ് പിടിച്ചെടുത്ത് വിഴുങ്ങിയ മാല പൊലീസിന് തൊണ്ടിമുതലായി കണ്ടെടുക്കണം. ഇയാളാവട്ടെ ആ മാല കിട്ടിയ ഉടൻ തന്നെ വിഴുങ്ങി കളഞ്ഞു. ഇതിപ്പോൾ വിശന്നാലും ഇല്ലെങ്കിലും നല്ലഭക്ഷണവും ഇടയ്ക്കിടെ വാഴപ്പഴവും ഒക്കെ കൊടുത്ത് കള്ളന് കാവലിരിക്കേണ്ട ഗതികേടാണ് പൊലീസിന്. ഓരോ നിശ്ചിത ഇടവേളകളിലും എക്സ്‌റേയെടുത്ത് ശരീരത്തിനുള്ളിൽ മാലയുടെ സ്ഥാനമാറ്റം പൊലീസ് ഉറപ്പിക്കണം. ജില്ലാ ആശുപത്രിയിലെ വാർഡിൽനിന്ന് പ്രതി രക്ഷപ്പെടാതെ നോക്കണം. ഇതിനൊക്കെ പുറമേ കള്ളന്റെ വിസർജ്യം കവറിൽ ശേഖരിച്ച് മാലയുണ്ടോയെന്ന് നോക്കണം.
ചുരുക്കി പറഞ്ഞാൽ ഊഴംവെച്ച് രണ്ട് പൊലീസുകാർ കള്ളന് കാവലിരിക്കുന്നു എന്നർത്ഥം. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതിനാണ് മേലാർകോട് വേലയ്‌ക്കിടെ മധുര സ്വദേശി മുത്തപ്പൻ മൂന്നുവയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട മുത്തശ്ശി ബഹളം വെച്ചതോടെ കാര്യങ്ങൾ ആകെ മാറി. നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ പിടികൂടി ദേഹപരിശോധന നടത്തുകയും ചെയ്തു.
പക്ഷേ മാല മാത്രം കിട്ടിയില്ല. അങ്ങനെ മാല വിഴുങ്ങിയെന്ന് നാട്ടുകാർ ഉറപ്പിച്ചു. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയും മോഷ്ടാവിനെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുക്കുകയും ചെയ്തു. ഈ പരിശോധനയിൽ
മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ദഹിക്കുന്നവസ്തു അല്ലാത്തതിനാൽ മാല വിസർജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടുദിവസംകൊണ്ട് താഴേക്കിറങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് ആലത്തൂർ പോലീസ് ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അതുവരെ പൊലീസ് സ്‌പെഷ്യൽ ഡ്യൂട്ടി തുടരും. മാലകിട്ടിയശേഷമേ കേസിന്റെ തുടർനടപടി ആരംഭിക്കൂ.
Content Highlights:The police gave food to the thief to get back the stolen necklace