
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലിന് എതിരായ നടപടിക്ക് സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരം. ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടി കൗണ്‍സില്‍ അംഗീകരിച്ചു. ഇസ്മയിലിനെതിരെ ഇത്രയും കടുത്ത നടപടി വേണ്ടെന്ന വികാരം കൗണ്‍സില്‍ യോഗത്തില്‍ ചിലര്‍ ഉയര്‍ത്തി. എന്നാൽ മൂന്നുതവണ മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി.
സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തത്. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.
സംഭവത്തില്‍ ഇസ്മയിലില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിച്ചതോടെ നടപടി പ്രാബല്യത്തില്‍ വരും.
Content Highlights: CPI State Council approves Suspension against KE Ismail