
തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തലില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു. തൃശൂര്‍ സ്വദേശി ഹസീനയാണ് കുഴഞ്ഞുവീണത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരവേദിയില്‍ നില്‍ക്കവെയാണ് ഹസീന കുഴഞ്ഞുവീണത്. പൊലീസ് വാഹനം എത്താത്തതിനാല്‍ ചെന്നിത്തലയുടെ വാഹനത്തില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റ് ഈ മാസം 19-ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കിയിരിക്കുകയാണ് വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്.
സമരം എട്ടാം ദിവസം പിന്നിടുമ്പോള്‍ കൂട്ട ഉപവാസം അനുഷ്ടിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പലരുടെയും ശരീരത്തില്‍ മുറിവുകളാണ്. കഴിഞ്ഞ ദിവസം മുട്ടിലിഴഞ്ഞ് നടത്തിയ പ്രതിഷേധത്തിന്റെ ശേഷിപ്പുകളാണവ. സ്വയം വേദനിപ്പിച്ചുകൊണ്ടുളള പ്രതിഷേധം 11 മാസമായി തങ്ങള്‍ അനുഭവിക്കുന്ന മാനസിക വേദനയോളം കടുപ്പമല്ലെന്നാണ് സമരക്കാര്‍ പറയുന്നത്. അങ്ങനെയെങ്കിലും അധികാരികള്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണവര്‍.
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനി ഒമ്പത് ദിവസം മാത്രമാണ് ബാക്കിയുളളത്. കയ്യുംകാലും കൂട്ടിക്കെട്ടിയും പ്ലാവില തൊപ്പി ധരിച്ചും ക്ഷയനപ്രദക്ഷിണം നടത്തിയും കല്ലുപ്പിനു മുകളില്‍ മുട്ടുകുത്തിയിരുന്നുമെല്ലാം വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധിച്ചുനോക്കി. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ പ്രതിഷേധിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സംസാരിക്കാനുളള സമരക്കാരുടെ ശ്രമവും പരാജയപ്പെട്ടു.
964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് ഇതുവരെ നടന്നത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 570-ലധികം വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ ഒഴിവുണ്ട്. ഈ ഒഴിവു നികത്താനെങ്കിലും തങ്ങളുടെ റാങ്ക് ലിസ്റ്റ് ഉപയോഗപ്പെടുത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
Content Highlights: CPO candidate collapses at protest site trivandrum