പാതിവില തട്ടിപ്പ്; ഡീന്‍ കുര്യാക്കോസിന്റെയും സി വി വര്‍ഗീസിന്റെയും മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എംപിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ മൊഴി

dot image

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ഡീന്‍ കുര്യാക്കോസിന്റെയും സി വി വര്‍ഗീസിന്റെയും മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇരുവരെയും ഉടന്‍ വിളിച്ചുവരുത്തുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എംപിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ മൊഴി.

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ലാലിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഏഴുമണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്യല്‍. കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 3 തവണയാണ് ലാലിയെ ചോദ്യംചെയ്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. ലീഗല്‍ അഡ്വൈസർ എന്ന നിലയിലാണ് പ്രതി അനന്തു കൃഷ്ണനില്‍ നിന്ന് 46 ലക്ഷം വാങ്ങിയതെന്നാണ് ഇവരുടെ മൊഴി. എന്നാല്‍ ക്രൈംബ്രാഞ്ച് മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ലാലിയെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.

അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളി. ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ചാണ് ആനന്ദകുമാറിന്റെ ഹര്‍ജി കോടതി തളളിയത്. പകുതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിന് എന്‍ജിഒ കോണ്‍ഫഡറേഷന്റെ ചുമതല അനന്ദുകൃഷ്ണന് കൈമാറുന്ന രേഖകളില്‍ ആനന്ദകുമാറിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ടെന്നും അനന്ദു നേതൃത്വം കൊടുത്ത നിരവധി പരിപാടികളില്‍ ആനന്ദകുമാര്‍ പങ്കെടുത്തത് തട്ടിപ്പിനെക്കുറിച്ചുളള വ്യക്തമായ അറിവോടെയാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. പാതിവില തട്ടിപ്പ് കേരളത്തിലെ വലിയ സാമ്പത്തിക കുംഭകോണമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തളളിയ ഉത്തരവിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

Content Highlights: crime branch to question dean kuriakose and cv varghese in half price scam

dot image
To advertise here,contact us
dot image