കേരള സർവകലാശാല സംഘർഷം: തുടങ്ങിയത് യൂത്ത് കോൺഗ്രസെന്ന് എസ്എഫ്‌ഐ; പിണറായിയുടെ പൊലീസ് കണ്ടെത്തട്ടെയെന്ന് കെഎസ്‌യു

ഇരു സംഘടനകളിലെയും സംസ്ഥാന നേതാക്കൾക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും. എസ്എഫ്‌ഐയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് അലോഷ്യസും യൂത്ത് കോണ്‍ഗ്രസാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് ശിവപ്രസാദും ആരോപിച്ചു. റിപ്പോർട്ടറിനോടായിരുന്നു ഇരുവരുടേയും പ്രതികരണം.

'എസ്എഫ്‌ഐ അടക്കി ഭരിച്ചിരുന്ന കേരള സര്‍വകലാശാലയില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം വൈസ് ചെയര്‍പേഴ്‌സണെ വിജയിപ്പിച്ചു. മറ്റ് ചില പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു. എസ്എഫ്‌ഐയുടെ സമഗ്രാധിപത്യമുണ്ടായിരുന്ന കേരള സര്‍വകലാശാലയില്‍ ജനാധിപത്യമുണ്ടായി എന്നതിന്റെ പ്രകോപനമാണ്. യാതൊരു തരത്തിലുള്ള അക്രമവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല. തീക്കൊള്ളി കൊണ്ടാണ് എസ്എഫ്‌ഐ ചൊറിയുന്നത്', അലോഷ്യസ് പറഞ്ഞു.

എസ്എഫ്‌ഐ ആസൂത്രണം ചെയ്ത അക്രമമാണിതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. സമാധാനപരമായി സെനറ്റിന്റെ കൗണ്ടിങ്ങ് ആരംഭിക്കുന്ന സമയത്താണ് പുറമേ നിന്ന് വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഹെല്‍മറ്റ് വെച്ച് അടിച്ച് അക്രമണത്തിന് തുടക്കം കുറിച്ചത്. ആ പ്രവര്‍ത്തകന്റെ ദൃശ്യം മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനി കേരള പൊലീസാണ് നടപടിയെടുക്കേണ്ടതെന്നും അലോഷ്യസ് പറഞ്ഞു. ആരാണ് അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പിണറായിയുടെ പൊലീസ് അന്വേഷിച്ച് കണ്ടത്തട്ടേയെന്നും ജനാധിപത്യപരമായി അക്രമത്തെ നേരിട്ടവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കല്ലെറിഞ്ഞത് ആരാണെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിനെ വിളിച്ച് ചോദിക്കണമെന്നായിരുന്നു ശിവപ്രസാദിന്റെ മറുപടി. ക്യാമ്പസിനകത്തല്ല സംഘര്‍ഷമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 'ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാഫിയ ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസും അവരുടെ സഹായികളായ ഗുണ്ടകളും ക്യാമ്പസിന് ചുറ്റും കേന്ദ്രീകരിക്കുകയാണ്. വിദ്യാര്‍ത്ഥി യൂണിയന്റെ തിരഞ്ഞെടുപ്പിനെന്തിനാണ് യൂത്ത് കോണ്‍ഗ്രസ് ?. സര്‍വകലാശാല ക്യാമ്പസിന് പുറത്ത് സംഘടിച്ച കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഗുണ്ടകളാണ് സംഘര്‍ഷം ആരംഭിച്ചത്', ശിവപ്രസാദ് പറഞ്ഞു.

ഒരു കാരണവുമില്ലാതെയാണ് സംഘര്‍ഷമെന്നും ജനാധിപത്യമല്ലേ, എല്ലാവരും ജയിക്കില്ലേ, തങ്ങള്‍ക്ക് അതിന് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലേറ് വന്ന സമയത്ത് ആരാണെന്ന് നോക്കാതെ പൊലീസ് അക്രമം നടത്തിയെന്നും കല്ലേറ് വരുന്ന സമയത്ത് പൊലീസ് വിദ്യാര്‍ത്ഥികളെ അടിച്ചെന്നും അദ്ദേഹം പറഞ്ഞു. 'അത് മറ്റ് അക്രമത്തിലേക്ക് പോയി. അതും പ്രശ്‌നമാണ്. പുറത്ത് നിന്ന് കല്ലേറ് വന്നപ്പോള്‍ അതിന്റെ പാപഭാരം അനുഭവിക്കേണ്ടി വന്നത് കെഎസ്‌യുവും എസ്എഫ്‌ഐയുമാണ്. അവര്‍ക്ക് കൂടി വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. കെഎസ്‌യുവിന്റെ ഒരു സഹപ്രവര്‍ത്തകയ്ക്ക് അലോഷിയുടെ തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് കല്ലേറ് കൊണ്ടത്. കെഎസ്‌യു എറിഞ്ഞ കല്ല് എസ്എഫ്‌ഐക്കാര്‍ക്ക് മാത്രമല്ല, കെഎസ്‌യുക്കാര്‍ക്കും കൊണ്ടിട്ടുണ്ട്', ശിവപ്രസാദ് പറഞ്ഞു.

സംഘര്‍ഷത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് ടോണി, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം റോഷന്‍, പാളയം ഏരിയാ കമ്മിറ്റി അംഗം ധനേഷ്, എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജ് ജനറല്‍ സെക്രട്ടറി ആബിദ് ജാഫര്‍ഖാന്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ദിലീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഏഴ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംസ്ഥാന നിര്‍വാഹക സമിതി അംഗം നസിയ, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അല്‍ അമീന്‍, ജില്ലാ ഭാരവാഹി അഭിഷേക്, ജില്ലാ ഭാരവാഹി ഗോകുല്‍, സര്‍വകലാശാല വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ബ്രോഷ്, സര്‍വകലാശാല എക്‌സിക്യൂട്ടീവ് അംഗം അന്‍സിയ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

Content Highlights: KSU allegates SFI SFI allegation is Youth Congress is behind attack in Kerala University attack

dot image
To advertise here,contact us
dot image