
കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിൽ തുടർനടപടികൾ ആരംഭിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ കോടതി ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
കേസിലെ എതിർകക്ഷികളായ വീണ തൈക്കണ്ടിയിൽ, ശശിധരൻ കർത്ത, സിഎംആർഎൽ, എക്സാലോജിക് സൊല്യൂഷൻസ് ഉൾപ്പടെയുള്ളവർക്കെതിരെ കുറ്റകൃത്യം ചുമത്താനും തുടർനടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവുണ്ട്. അതിനിടെ കമ്പനി നിയമത്തിലെ 628 വകുപ്പ് കോടതി റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാലന്‍സ് ഷീറ്റ് സംബന്ധിച്ച കുറ്റവും വിചാരണക്കോടതി ഒഴിവാക്കിയിട്ടുണ്ട്. കേസ് ഫയലിൽ സ്വീകരിച്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തുടർ നടപടികൾക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് വിട്ടു.
എസ്എഫ്ഐഒയുടെ അന്തിമ റിപ്പോർട്ടിൽ വീണ ഉൾപ്പെടെ പതിമൂന്ന് പേരാണ് പ്രതികൾ. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാം പ്രതി. വീണ പതിനൊന്നാം പ്രതിയാണ്. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയത്.
Content highlights : CMRL-Exalogic deal; Court finds sufficient evidence to consider it a crime