മുഖ്യമന്ത്രിയുടെ പരിപാടിക്ക് എല്ലാ കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; എസ്പി എംപി മോഹന ചന്ദ്രന്‍

ആലപ്പുഴ സൗത്ത് പൊലീസാണ് കടയുടമകള്‍ക്ക് നോട്ടീസ് അയച്ചത്.

dot image

ആലപ്പുഴ: കെപിഎംഎസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ആലപ്പുഴയിലെത്തുന്നതിനാല്‍ പ്രദേശത്തെ കടകള്‍ പൂര്‍ണമായും അടച്ചിടണമെന്ന പൊലീസിന്റെ നിര്‍ദേശത്തില്‍ വിശദീകരണവുമായി എസ്പി എംപി മോഹന ചന്ദ്രന്‍. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എല്ലാ കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്പി മോഹന ചന്ദ്രന്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്ന കടകള്‍ മാത്രം അടയ്ക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും കുടിവെളളവും മറ്റ് ആവശ്യസാധനങ്ങളും വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ സൗത്ത് പൊലീസാണ് കടയുടമകള്‍ക്ക് നോട്ടീസ് അയച്ചത്.


'മുഖ്യമന്ത്രി പിണറായി വിജയന്‍ 11.04.2025-ന് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്തുണ്ടാകും. പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉളള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ പൂര്‍ണമായും അടച്ചിടണം' എന്നാണ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് കടയുടമകള്‍ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്.


ഇന്ന് വൈകുന്നേരം ആറുമണിക്കാണ് കെപിഎംഎസ് സമ്മേളനം നടക്കുന്നത്. പൊലീസ് നോട്ടീസിനെതിരെ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി രംഗത്തെത്തിയിരുന്നു. കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമാണിതെന്ന് ആലപ്പുഴ ബീച്ച് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രതികരിച്ചു. തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: didnt ask all shops to close for cm event says sp mp mohana chandran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us