
ചേർത്തല : ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണത്തിൽ നിർണായകമായത് അജ്ഞാത ഫോൺ കോൾ.
കടക്കരപ്പള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് ഹരിതശ്രീയിൽ സുമിയുടെ (58) കൊലപാതകത്തിന്റെ ചുരുളയിഞ്ഞത്
പൊലീസിന് ലഭിച്ച അജ്ഞാത ഫോൺ കോൾ വഴി.
ഫോൺ കോളിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ഹരിദാസ് പണിക്കർ (68) അറസ്റ്റിലായത്. സുമിയുടെ മരണം കൊലപാതകമാണെന്ന് പുറത്തറിയുന്നത് പൊലീസ് പ്രതിയെ പിടികൂടിയതോടെയാണ്. ആ ഫോൺവിളിയില്ലായിരുന്നെങ്കിൽ ഇതൊരു സാധാരണ മരണമായി മാറിയേനേ. ഭാര്യയുടെ മരണം എല്ലാവരെയും അറിയിച്ചും സംസ്കാരത്തിനായി ക്രമീകരണങ്ങളൊരുക്കിയും മുന്നിൽനിന്ന ഹരിദാസ് പണിക്കർ കൊലയാളിയാണെന്ന് ആരും സംശയിച്ചിരുന്നില്ല.
ബുധനാഴ്ച 1.15-നു ശേഷമാണ് സമീപത്തുള്ള വീട്ടിലെത്തി ഹരിദാസ് പണിക്കർ ഭാര്യ സുമി വീടിനുള്ളിൽ അനക്കമില്ലാതെ കിടക്കുന്നതായി നാട്ടുകാരെ അറിയിച്ചത്. ഭാര്യ മരിച്ചെന്ന് ബന്ധുക്കളെയും ഇയാൾതന്നെ അറിയിച്ചു. വീട്ടിലെത്തിയ ബന്ധുക്കൾക്കും മരണത്തിൽ സംശയമുണ്ടായില്ല. സംസ്കാരം ബുധനാഴ്ച വൈകീട്ടു നടത്താൻ തീരുമാനിച്ചു. ഇതിനിടയിലാണ് പട്ടണക്കാട് പൊലീസിൽ സുമിയുടെ മരണത്തിൽ സംശയമുണ്ടെന്നറിയിച്ചുകൊണ്ട് പേരു വെളിപ്പെടുത്താതെ ഫോൺവിളിയെത്തിയത്.
തുടർന്ന് പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ കെ എസ് ജയൻ്റെയും എസ്‌ഐ ജി അജിത്‌കുമാറിൻ്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഹരിദാസ് പണിക്കരോട് വിവരങ്ങൾ ചോദിച്ചെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്നുപറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാൽ, പൊലീസ് നിരീക്ഷണം തുടർന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് പൊലീസ് കർശന നിലപാടെടുത്തു. പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമെന്നു തെളിഞ്ഞത്. കുടുങ്ങിയെന്നു കണ്ടതോടെ ചോദ്യംചെയ്യലിൽ ഇയാൾ നടന്ന കാര്യങ്ങൾ പൊലീസിനു മുന്നിൽ പറഞ്ഞു.
സുമിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോൾത്തന്നെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് എത്തിച്ചപ്പോൾ ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽത്തന്നെ പാടുകൾക്കു പിന്നിൽ ബലപ്രയോഗത്തിന്റെ സാധ്യതകൾ കണ്ടിരുന്നു. പരിശോധനയിൽ കൊലപാതകം വ്യക്തമായി. സുമി മരിക്കുകയും ഭർത്താവ് അറസ്റ്റിലാകുകയും ചെയ്തതോടെ ഹരിതശ്രീ വീട് ശൂന്യമായി. അഞ്ചുവർഷം മുൻപ് ഇവിടെയെത്തിയ ഇരുവരും സമീപവാസികളുമായി അത്ര അടുത്തിരുന്നില്ല.
Content Highlight : Sumi's murder; The anonymous phone call unfolded