
കോഴിക്കോട് : നൂറ്റാണ്ടുകൾ നീണ്ട പരസ്പരസൗഹാർദംകൊണ്ട് കേരളത്തിൽ രൂപപ്പെട്ട മതസൗഹാർദ പൈതൃകത്തിന് വിള്ളൽവീഴ്ത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ആ നീക്കത്തിന് നാടിനെ വിട്ടുകൊടുക്കരുതെന്നും ശശി തരൂർ എംപി. മലബാറിലെ സൗഹൃദക്കൂട്ടായ്മയായ മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ (മിഷ്) വാർഷികാഘോഷവും വിഷു-ഈദ്-ഈസ്റ്റർ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് ഒളിച്ചിരുന്നുപോലും പറയാൻമടിച്ച മതവൈര്യപരാമർശങ്ങൾ ചിലനേതാക്കൾ പൊതുയോഗങ്ങളിൽ പറയുന്ന അവസ്ഥ മറ്റുപല സംസ്ഥാനങ്ങളിലുമുണ്ട്. മഹാത്മാഗാന്ധി വിഭാവനംചെയ്ത നാനാത്വത്തിൽ ഏകത്വം പൂർണഭാവത്തിൽ നടപ്പിലാകുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ നിലനിൽക്കുന്ന ഐക്യം തകർന്നാൽ അത് ചൂഷണംചെയ്യാൻ കാത്തുനിൽക്കുന്നവരുണ്ട്. അവരുടെ നിഴൽവീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
സാഹോദര്യത്തിന്റെ കാര്യത്തിൽ കോഴിക്കോടിന് ലോകചരിത്രത്തിൽത്തന്നെ സ്ഥാനമുണ്ട്. അറബിയും ജൂതനുമുൾപ്പെടെ പലവിദേശികളും സ്വദേശികളും കോഴിക്കോട്ടെത്തി മതസൗഹാർദബന്ധം പുറംനാടിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ചൈതന്യം രാഷ്ട്രീയത്തിൽ മാത്രമല്ല, വ്യവസായപ്രമുഖനും സ്വാതന്ത്ര്യസമരസേനാനിയുമായ പി വി സാമി ഉൾപ്പെടെയുള്ളവരുടെ ജീവിതത്തിലൂടെയും കോഴിക്കോട്ടുകാർ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:If unity is broken, there are those around them who are waiting to exploit it; Shashi Tharoor