
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍. മനസാക്ഷിയില്ലാത്ത മന്ത്രിയാണ് സജി ചെറിയാനെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പറഞ്ഞു. പ്രളയകാലത്ത് സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ പോയി മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ച് സഹായിച്ചതാണ്. ഒരു ജീവനും പൊലിയരുതെന്ന് ആഗ്രഹിച്ചാണ് ചെങ്ങന്നൂരിൽ പോയത്. അതുകൊണ്ടാണ് സജി ചെറിയാന്‍ മന്ത്രിയായത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചപ്പോള്‍ സജി ചെറിയാന്‍ തിരിഞ്ഞുനോക്കിയില്ല. ഇപ്പോ ശരിയാക്കിത്തരാം എന്നാണ് മന്ത്രി പറയുന്നതെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പറഞ്ഞു.
മുതലപ്പൊഴിയില്‍ മണല്‍ അടിഞ്ഞുകൂടിയത് നാലുദിവസം കൊണ്ട് പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയതെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പറഞ്ഞു. എന്നാല്‍ ഡ്രജ്ജിങ് നടപടികള്‍ മന്ദഗതിയിലാണ്. വോട്ട് ചെയ്ത് അധികാരത്തില്‍ കയറ്റിയത് അദാനിയെയല്ല, സജി ചെറിയാനെയാണെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആഞ്ഞടിച്ചു. മുതലപ്പൊഴിയില്‍ അഴിമുഖം പൂര്‍ണമായും അടഞ്ഞതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് വഴിമുട്ടിയത്. ഇതിന് മന്ത്രി പരിഹാരം കണ്ടേ മതിയാകൂ. എന്ത് ചോദിച്ചാലും അദാനിയാണ് ചെയ്യേണ്ടതെന്ന മറുപടി ഇനി അംഗീകരിച്ചുതരാന്‍ കഴിയില്ല. ഉടനടി നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മുതലപ്പൊഴിയിലെ ജനങ്ങള്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ വ്യക്തമാക്കി.
മുതലപ്പൊഴിയിലെ മണല്‍നീക്കം മന്ദഗതിയിലായതോടെ മത്സ്യത്തൊഴിലാളികള്‍ തൊട്ടടുത്ത മത്സ്യബന്ധന മേഖലകളിലേക്ക് കൂട്ടപലായനം ചെയ്യുകയാണ്. മരിയനാട്, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ തീരങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ പലായനം ചെയ്യുന്നത്.
Content Highlights: The Independent Fishermen's Federation says Saji Cherian is a minister without conscience.