മുതലപ്പൊഴിയിലെ മണല്‍നീക്കം മന്ദഗതിയില്‍; മത്സ്യത്തൊഴിലാളികള്‍ പലായനം ചെയ്യുന്നു

മരിയനാട്, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ തീരങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ പലായനം ചെയ്യുന്നത്

dot image

തിരുവനന്തപുരം: മുതലപ്പൊഴിയിലെ മണല്‍നീക്കം മന്ദഗതിയില്‍. മത്സ്യത്തൊഴിലാളികള്‍ തൊട്ടടുത്ത മത്സ്യബന്ധന മേഖലകളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നു. മരിയനാട്, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് തുടങ്ങിയ തീരങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ പലായനം ചെയ്യുന്നത്. മുതലപ്പൊഴി പൂര്‍ണമായും മരണപ്പൊഴിയായി മാറിയിരിക്കുകയാണ്. 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് അഴിമുഖം പൂര്‍ണമായും മണല്‍ കയറി അടഞ്ഞത്. ഇതോടെ പ്രതിസന്ധിയിലായത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ്.


നിലവില്‍ പലായനം ചെയ്യുന്നവരില്‍ കൂടുതലും ചെറുവളളങ്ങളില്‍ ഉപജീവനം തേടുന്ന മത്സ്യത്തൊഴിലാളികളാണ്. മുതലപ്പൊഴിയില്‍ മാത്രം 400ഓളം മത്സ്യത്തൊഴിലാളികളാണ് ചെറുവളളങ്ങളില്‍ പുറങ്കടലില്‍ പണിക്ക് പോകുന്നത്. ഇതിനുപുറമേ താങ്ങുവല വളളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവരും തീരം വിടുകയാണ്. നവകേരള സദസില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.


ജൂണ്‍ കഴിയുമ്പോള്‍ സീസണ്‍ ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇഴഞ്ഞുനീങ്ങുന്ന ഡ്രജ്ജിങ് നടപടികളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. കഴിഞ്ഞ മൂന്നുമാസമായി പുറംകടലില്‍ പണിക്ക് പോവാത്ത ധാരാളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് മുതലപ്പൊഴിയിലുളളത്. അതിനാല്‍ ഓരോ കുടുംബത്തിനും ആയിരം രൂപ വെച്ച് നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഉടനടി നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തെത്തുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Content Highlights: sand removal slow in muthalappozhi fisherman migrate to nearby places

dot image
To advertise here,contact us
dot image