
കോഴിക്കോട്: മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍. മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്കിടയിലാണ് പി വി അന്‍വര്‍ ലീഗ് വേദിയിലെത്തിയത്. ഉപതിരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കിയതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍ വേദിയില്‍ പറഞ്ഞു. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണം നിലനിര്‍ത്താന്‍ സാമൂഹ്യ സമവാക്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സാമൂഹ്യ സമവാക്യങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഒരു ഭാഗ്യമാണെന്നും വര്‍ഗീയതയെ നുള്ളി കളയാനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യുഡിഎഫ് ശക്തമാണ്. മലപ്പുറത്ത് യുഡിഎഫില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് ചിലര്‍ നടത്തുന്ന പ്രചാരണം. അതില്‍ ആരും മനപായസം ഉണ്ണണ്ട. യുഡിഎഫ് ഒറ്റക്കെട്ടാണ്. നിലമ്പൂരില്‍ മാറ്റം അനിവാര്യമാണ്. ഭരണത്തിന്റെ അഭാവമാണ് കേരളത്തില്‍ കാണുന്നത്. മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാകുമിത്. ഈ ഗവണ്‍മെന്റിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്', ഷിഹാബ് തങ്ങള്‍ പറഞ്ഞു.
മതേതരത്വം നിലനിര്‍ത്താനുള്ള രാഷ്ട്രീയ അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിനെതിരെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചത് അപമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പച്ച വര്‍ഗീയതയെ ആരും അംഗീകരിക്കില്ല. പല വിഷയങ്ങളിലും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവരാണ് മാധ്യമങ്ങളെന്നും ഈ പ്രസ്താവനയെ ഒരു മാധ്യമങ്ങളും സപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രശംസിച്ചു. അതേസമയം നിലമ്പൂര്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിന്തുണ ലീഗും പ്രഖ്യാപിക്കുമെന്നും നിലമ്പൂരില്‍ വിജയിക്കുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആര് സ്ഥാനാര്‍ഥി ആയാലും ഒരുമിച്ച് ഒറ്റക്കെട്ടായി പോരാടണമെന്ന് ആര്യാടന്‍ ഷൗക്കത്ത് ആഹ്വാനം ചെയ്തു. മുസ്‌ലിംലീഗ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം കൂടാന്‍ കാരണം പി വി ആന്‍വര്‍ കൂടിയാണെന്ന് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
Content Highlights: PV Anwar in Muslim League convention at Nilambur