പി ജി മനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; മാപ്പ് പറയുന്ന വീഡിയോയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്

പാരിപ്പളളി മെഡിക്കല്‍ കോളേജിലാകും പോസ്റ്റ്‌മോര്‍ട്ടം നടപടികൾ നടക്കുക. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

dot image

കൊല്ലം: വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സർക്കാർ മുൻ അഭിഭാഷകന്‍ പി ജി മനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പാരിപ്പളളി മെഡിക്കല്‍ കോളേജിലാകും പോസ്റ്റ്‌മോര്‍ട്ടം നടപടികൾ നടക്കുക. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടില്‍ മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു.

കേസില്‍ ജാമ്യത്തില്‍ തുടരവേ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണമുയര്‍ന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും മാപ്പുചോദിക്കുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. മനുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും.


2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിയമോപദേശത്തിനായായിരുന്നു അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാമെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാനസികമായി തകർന്ന യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബർ ഒൻപതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ മനുവിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ മനുവിനെതിരെ വീണ്ടും പീഡന പരാതി ഉയരുകയായിരുന്നു.

Content Highlights: lawyer pg manu's postmartem today investigation on apology video

dot image
To advertise here,contact us
dot image