
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യർക്കെതിരായി ഉയരുന്ന അധിക്ഷേപങ്ങൾ അപക്വമായ മനസുകളുടെ ജൽപ്പനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യ എസ് അയ്യർ സർക്കാർ ലെവലിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയാണ്, അവർ അവർക്ക് തോന്നിയ കാര്യമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ദിവ്യക്കെതിരായ അധിക്ഷേപങ്ങൾ പുരുഷാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഭർത്താവിന്റെ രാഷ്ട്രീയത്തിന് അനുസരിച്ച് ദിവ്യയും സംസാരിക്കണമെന്ന ചിന്തയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യ അവർക്ക് തോന്നുന്ന കാര്യം പറഞ്ഞതിനെ ഭർത്താവിന്റെ രാഷ്ട്രീയം മാത്രം നോക്കി കുറ്റം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് തന്നെ കുറിച്ച് ദിവ്യ എസ് അയ്യർ പറഞ്ഞതിനെതിരെ നടന്നതും സമാനമായ പുരുഷാധിപത്യ ചിന്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും നിരവധി കാര്യങ്ങൾ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ് അയ്യർ കുറിച്ചിരുന്നു.
പോസ്റ്റിന് പിന്നാലെ വ്യാപകമായി ദിവ്യയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തില്‍ എന്നിവർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. 'പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തിൽപ്പെട്ട മഹതിയാണ് ദിവ്യ എസ് അയ്യർ' എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.
കർണ്ണൻ ആരായിരുന്നെങ്കിലും മരണം വരെ ധർമ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ്, കുറ്റം പറയാൻ പറ്റില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പോസ്റ്റ് വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവും ദിവ്യയുടെ ജീവിതപങ്കാളിയുമായ ശബരീനാഥനും രംഗത്തെത്തി. അഭിനന്ദനം സദുദ്ദേശപരമാണെങ്കിലും വീഴ്ച്ചയുണ്ടായി എന്നാണ് ശബരീനാഥൻ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ല. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമർശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ല' എന്നായിരുന്നു ശബരീനാഥന്‍റെ പ്രതികരണം.
അതേസമയം തന്റെ പോസ്റ്റിൽ വിശദീകരണവുമായി ദിവ്യ എസ് അയ്യരും രംഗത്ത് എത്തിയിരുന്നു.
തന്‍റെ അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ഉത്തമബോധ്യത്തിലും ചില മനുഷ്യരിൽ ഞാൻ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് ഈ വിമർശനങ്ങൾ എന്നും നന്മയുള്ളവരെ കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നും ദിവ്യ എസ് അയ്യർ ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
അതേസമയം, നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യ എസ് അയ്യരെ അധിക്ഷേപിക്കുകയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അത്ഭുതമായി തോന്നുന്നുവെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു.
Content Highlights: CM Pinarayi Vijayan supports Divya S Iyer and says slamming against her is part of patriarchal mindset