
മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് മാത്രമേ ഉള്ളൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പിൽ ലീഗ് ആരുടെയും പേര് സ്ഥാനാർത്ഥിയായി നിർദേശിക്കില്ലെന്നും, കോൺഗ്രസ് ആരെ സ്ഥാനാർത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീഗ് സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. നിലമ്പൂരിലെ വിജയവും അൻവറിൻ്റെ മുന്നണി പ്രവേശനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
പി വി അൻവർ ആശയപരമായ കാരണങ്ങൾ കൊണ്ട് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് സ്വാഗതം ചെയ്യുന്നുണ്ടെന്നും പിവി അൻവറിന്റെ മുന്നണി പ്രവേശനം ഐക്യ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും ചേർന്ന് തീരുമാനിക്കേണ്ടത് ആണെന്നും, അതിൽ ചർച്ച വരുമ്പോൾ ലീഗിൻ്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെങ്കിൽ പോലും ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ഒറ്റക്കെട്ടായി നിന്ന് നേരിടാനുള്ള കർമ്മ ശേഷിയും ചിന്താശേഷിയും കോൺഗ്രസിനും ഘടക കക്ഷികൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ക്രൈസ്ത സഭകളുമായുള്ള പ്രശ്നം പരിഹരിക്കാൻ ലീഗ് ശ്രമം തുടരുന്നുണ്ടെന്നും അതിനായി മലമേലധികാരികളെ നേരിട്ട് കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ മുസ്ലീം ലീഗിന്റെ നിലപാട് അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:'P.V. Anwar should not nominate a candidate; League will not nominate anyone'; PMA Salam