ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നല്‍കി വിന്‍സി അലോഷ്യസ്

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍ സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു

dot image

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനാണ് പരാതി നല്‍കിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

'ഒരു നടന്‍ സിനിമാ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തത്' എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. വിന്‍സിയില്‍ നിന്നും എക്‌സൈസ് വകുപ്പ് വിവരങ്ങള്‍ തേടാന്‍ ഇരിക്കെയാണ് ആ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്നും പരാതി നല്‍കിയെന്നുമുള്ള വിവരം പുറത്തുവരുന്നത്.

വിന്‍സിയുടെ വെളിപ്പെടുത്തലിന്‍റെ പൂര്‍ണ്ണരൂപം:

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലഹരി വിരുദ്ധ ക്യാംപെയിന്‍ മുന്‍നിര്‍ത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ലെന്നായിരുന്നു ആ പ്രസ്താവന. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്തകളുടെ കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകള്‍ വ്യക്തമാക്കണമെന്നുമുള്ള തോന്നലിന്റെ പുറത്താണ് ഈ വീഡിയോ ചെയ്യുന്നത്.

പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാ?ഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാള്‍ ലഹരി ഉപയോ?ഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും എന്റെ സഹപ്രവര്‍ത്തകയോടും പെരുമാറി. എന്റെ ഡ്രസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, 'ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം' എന്നൊക്കെ എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റമുണ്ടായി. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റില്‍ ഇതെല്ലാം ഉപയോ?ഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. സിനിമാ സെറ്റില്‍ ലഹരി ഉപയോ?ഗിച്ച് അതൊരു ശല്യമായി മാറുമ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാള്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. ഞാന്‍ അണ്‍കംഫര്‍ട്ടബിളായത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകന്‍ അയാളോട് സംസാരിക്കുകയുമുണ്ടായി. പ്രധാനതാരമായി തിരഞ്ഞെടുത്ത വ്യക്തിയാണ്. അവര്‍ക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീര്‍ക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫര്‍ട്ടാക്കിയാണ് ആ സിനിമ തീര്‍ത്തത്.

നല്ലൊരു സിനിമയായിരുന്നു അത്. പക്ഷേ ആ വ്യക്തിയില്‍ നിന്നുണ്ടായ അനുഭവത്തിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാ?ഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളില്‍ നിന്നുണ്ടാവുന്നത്. അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? ഇങ്ങനെ നിലപാടെടുക്കാന്‍ നീ ആര് സൂപ്പര്‍സ്റ്റാര്‍ ആണോ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയില്‍നിന്ന് പുറത്തായി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവര്‍ക്കുള്ള മറുപടിയാണിത്.

സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്. സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാന്‍. അതുപോലെ സിനിമയാണ് എന്റെ ജീവിതം, അതില്ലാത്ത പറ്റില്ല എന്നും ചിന്തിക്കുന്ന വ്യക്തിയല്ല ഞാന്‍. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെ നിന്നാണ് വന്നതെന്നും എത്തിനില്‍ക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങള്‍ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പര്‍സ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കില്‍ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവര്‍ക്കുണ്ടാവണം.

ലഹരി ഉപയോഗിക്കുന്നവര്‍ വ്യക്തിജീവിതത്തില്‍ എന്തും ചെയ്‌തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്‌നം. അങ്ങനെയുള്ളവര്‍ക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്‌സുകളില്‍ കാണാനായത്. അവരെപ്പോലുള്ളവര്‍ക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവര്‍ക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.

Content Highlights: Actor Shine Tom Chacko misbehaved while intoxicated vincy aloshious Complained

dot image
To advertise here,contact us
dot image