
കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് പറഞ്ഞിട്ടെന്ന് മുഖ്യ പ്രതി അലുവ അതുലിൻ്റെ മൊഴി. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെയാണ് വയനകം സംഘത്തിലെ പ്രധാനിയായ അലുവ അതുലിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയ്യാങ്കളികളും എല്ലാം വിരോധത്തിന് കാരണമായി എന്നാണ് റിപ്പോർട്ട്.
ഇതിനൊടുവിലാണ് സന്തോഷിനെ കൊലപ്പെടുത്താൻ പങ്കജ് തീരുമാനം എടുത്തതെന്നാണ് പ്രതികളുടെ മൊഴി. പങ്കജിൻ്റെ ആവശ്യപ്രകാരമാണ് സന്തോഷിനെ അക്രമിച്ചതെന്നാണ് വയനകം സംഘത്തിലെ പ്രധാനിയായ അലുവ അതുൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തനിക്ക് സന്തോഷുമായി വ്യക്തി വിരോധം ഉണ്ടായിരുന്നില്ല. അനീറിനെ അക്രമിച്ചതും പങ്കജുമായുള്ള വിരോധം മൂലമാണെന്നും അലുവ അതുൽ മൊഴി നൽകിയിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ എത്തിച്ച അലുവ അതുലിനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. കേസിൽ പ്രതികൾ കൊണ്ടുവന്ന ആയുധങ്ങളും പ്രതികൾ വന്ന വാഹനവും മാറ്റിയതിന് കുളിർ എന്ന് വിളിക്കുന്ന അഖിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ആലുവ അതുലിനെ ആലുവയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച നിക്കി എന്ന് വിളിക്കുന്ന അനന്തുവിനെയും കരുനാഗപ്പള്ളി പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് മാർച്ച് 27-ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.
content highlights : Jim Santosh was murdered on Pankaj's instructions; Aluva Atul gives statement