
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെ സി ബി സി മദ്യവിരുദ്ധ സമിതി. അഹങ്കാരം, ധിക്കാരം, ലഹരി എന്നിവ കൊണ്ട് ദുർമാതൃകയായ ഷൈൻ ടോം ചാക്കോയുടെ കേസിൽ പഴുതടച്ച അന്വേഷണം വേണമെന്നാണ് സമിതിയുടെ ആവശ്യം. ഷൈൻ ടോം ചാക്കോയെ സിനിമാ രംഗത്തുനിന്ന് പുറത്താക്കണമെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഷൈനിനെ ബഹിഷ്‌കരിക്കാൻ പൊതുസമൂഹം തയാറാകണം. സിനിമ മേഖല സമ്പൂർണമായും ലഹരി ശുദ്ധീകരണം നടത്തണമെന്നും സമിതി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.
ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.
അതിനിടെ കൊച്ചി കലൂരിൽ ഡാൻസാഫ് സംഘത്തിൻറെ പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടിരുന്നു. ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45-ഓടെയാണ് ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടുകാരൻറെ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു ഡാൻസാഫ് സംഘത്തിൻറെ പരിശോധന.
Content Highlights: kcbc against shine tom chacko