'സംഘടനകളുടെ വിശ്വാസ്യത നഷ്ടമായി, മോശം അനുഭവമുണ്ടായാലും ഇനി പരാതി നൽകില്ല'; വിമർശനവുമായി വിൻ സി

അദ്ദേഹത്തെ വെച്ച് നടക്കുന്ന സിനിമകളെ ബാധിക്കുമെന്നതിനാലാണ് പേര് പറയാതിരുന്നതെന്നും വിന്‍ സി

dot image

മലപ്പുറം: നടനെതിരെ നല്‍കിയ പരാതി പുറത്ത് വന്നതില്‍ വിമര്‍ശനവുമായി നടി വിന്‍ സി അലോഷ്യസ്. പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നെന്നും ആരൊയൊക്കെയാണ് വിശ്വസിക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണെന്നും വിന്‍ സി മാധ്യമങ്ങളോട് പറഞ്ഞു. പരാതി പിന്‍വലിക്കുന്ന കാര്യ ആലോചിക്കുന്നുണ്ടെന്നും പരാതി പുറത്ത് വിട്ടത് സിനിമാ സംഘടനകളോടുള്ള വിശ്വാസ്യത കളഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു.

' പരാതി പുറത്ത് വിട്ടത് മോശം നടപടിയാണ്. സ്വകാര്യത നഷ്ടമായി. സിനിമാ സംഘടനകളോടുള്ള വിശ്വാസം നഷ്ടമായി. നടന്റെ പേര് ഊഹിക്കേണ്ടവര്‍ക്ക് ഊഹിക്കാം. അദ്ദേഹത്തെ വെച്ച് നടക്കുന്ന സിനിമകളെ ബാധിക്കുമെന്നതിനാലാണ് പേര് പറയാതിരുന്നത്. നിഷ്‌കളങ്കരും നിസഹായരുമായ കുറേ സിനിമക്കാരെ ഇത് ബാധിക്കുമെന്നതിനാലാണ് പേര് പുറത്ത് വിടരുതെന്ന് ഞാന്‍ പറഞ്ഞത്. സിനിമയില്‍ അഞ്ച് വര്‍ഷമായ എന്റെ ബോധം പോലും അവര്‍ക്കില്ലേയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്', വിന്‍ സി പറഞ്ഞു.

ഇങ്ങനെ കുറ്റകൃത്യം ചെയ്ത വ്യക്തിയെ പൊതുസ്ഥലത്ത് വലിച്ചിറക്കണമെന്നും എന്നാല്‍ ആ നടനെ വെച്ചെടുത്ത സിനിമയില്‍ പല ആളുകളുടെയും ജീവനുണ്ട്, അത് പരിഗണിക്കണമെന്നും വിന്‍ സി കൂട്ടിച്ചേര്‍ത്തു. അത് പരിഗണിക്കാതെ ആരാണോ ലീക്ക് ചെയ്തത് അത് മോശമായിപ്പോയി. അതിന്റെ സ്വകാര്യത നഷ്ടമാക്കിയത് മോശമായിപ്പോയെന്നും വിന്‍ സി പറഞ്ഞു. പരാതി നല്‍കാനുള്ള താല്‍പര്യമില്ലാതെ തന്റെ നിലപാടില്‍ ഉറച്ച് നിന്ന് ആരെയും ഉപദ്രവിക്കാതെ മുന്നോട്ട് പോകാമെന്ന നിലപാടിലായിരുന്നുവന്നും നടി പറഞ്ഞു. തുറന്നു പറച്ചില്‍ നടത്തിയത് സിനിമയുടെ പേര് പറയാതെയാണെന്നും ഇത് ആ സിനിമയേയും ബാധിക്കുമെന്നും വിന്‍ സി പറഞ്ഞു.

'ലഹരി ഉപയോഗിച്ച ആള്‍ അഭിനയിച്ച സിനിമ ഒടിടി എടുക്കില്ല, ചാനല്‍ എടുക്കില്ല. എനിക്കുള്ള ബോധം പോലും ഇവര്‍ക്കില്ലേ. ഇനി ഒരു അനുഭവമുണ്ടായാല്‍ ആരെയും സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നടപടികള്‍ എടുക്കേണ്ടവര്‍ എടുക്കട്ടേ. മോശം അനുഭവം സംഭവിച്ചാലും ഒഴിഞ്ഞുമാറാമെന്നല്ലാതെ ഒരു പരാതിക്കോ ശാക്തീകരണത്തിനോ ഞാനില്ല. എനിക്ക് മടുത്തു', വിന്‍ സി പറഞ്ഞു.

ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലൂടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.

Content Highlights: Vincy Aloshious against Film organizations on Complaint against Shine Tom Chacko

dot image
To advertise here,contact us
dot image