
പാലക്കാട്: പുതിയ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റിനെ തിരഞ്ഞെടുത്തു. എം ആര്‍ മുരളി, സുബൈദ ഇസ്ഹാഖ്, ടികെ നൗഷാദ്, കെ പ്രേംകുമാര്‍, പൊന്നുകുട്ടന്‍ എന്നിവരെയാണ് പുതുതായി സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ എംഎല്‍എ വികെ ചന്ദ്രനെ സെക്രട്ടറിയറ്റില്‍ നിന്നും ഒഴിവാക്കി.
ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു, പി മമ്മിക്കുട്ടി, എസ് അജയകുമാര്‍, വി ചെന്താമരാക്ഷന്‍, എ പ്രഭാകരന്‍, ടിഎം ശശി, എംആര്‍, മുരളി, സുബൈദ ഇസ്ഹാഖ്, ടി കെ നൗഷാദ്, കെ പ്രേംകുമാര്‍, വി പൊന്നുകുട്ടന്‍ എന്നിവരാണ് സെക്രട്ടറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അതേ സമയം സെക്രട്ടറിയറ്റിലേക്ക് മത്സരം നടന്നു. മുണ്ടൂരില്‍ നിന്നുള്ള ജില്ലാ കമ്മറ്റിയംഗം പി എ ഗോകുല്‍ദാസാണ് മത്സരിച്ചത്. പക്ഷെ പരാജയപ്പെട്ടു. ഏഴ് വോട്ടുകളാണ് ഗോകുല്‍ദാസിന് ലഭിച്ചത്. മുന്‍ വി എസ് പക്ഷ നേതാവായിരുന്നു ഗോകുല്‍ദാസ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോകുല്‍ദാസിനെ മുണ്ടൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. തുടര്‍ന്ന് ഗോകുല്‍ദാസിനെ പിന്തുണച്ച് കൊണ്ട് ആയിരങ്ങള്‍ പങ്കെടുത്ത വിമത കണ്‍വെന്‍ഷന്‍ നടന്നിരുന്നു. അതിന് ശേഷം ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോകുല്‍ദാസ് ജില്ലാ കമ്മിറ്റിയിലേക്ക് എത്തുന്നത്. മുണ്ടൂര്‍ മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഗോകുല്‍ദാസ് ഇക്കുറി ജില്ലാ സെക്രട്ടറിയേറ്റില്‍ ഇടംനേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സെക്രട്ടറിയറ്റില്‍ പരിഗണിക്കപ്പെടാതെ ഇരുന്നതോടെയാണ് ഗോകുല്‍ദാസ് മത്സരത്തിനിറങ്ങിയത്.