ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിലെ പള്ളിയിൽ

ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദ‍ർശനത്തിന് വെയ്ക്കാൻ ധാരണയായിട്ടുണ്ട്

dot image

കോട്ടയം: മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ജിസ്മോളുടെ സ്വന്തം നാടായ പാലായിൽ ആണ് മൂവരുടെയും സംസ്കാരം നടക്കുക. പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്നരയോട് കൂടിയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. രാവിലെ 9 മണിയോട് കൂടി ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദ‍ർശനത്തിന് വെയ്ക്കും. എന്നാൽ ജിമ്മിയുടെ വീട്ടിൽ ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ കൊണ്ടുപോകില്ല.

ഭർതൃവീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോളും മക്കളും ജീവനൊടുക്കിയതെന്നാണ് ജിസ്മോളുടെ കുടുംബം ആരോപിക്കുന്നത്. ജിസ്മോളുടെയും പെൺമക്കളുടെയും മ‍ൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തേണ്ടെന്ന് ജിസ്മോളുടെ കുടുംബം തീരുമാനിച്ചിരുന്നു. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണമെന്നാണ്. തുടർന്ന് സഭാ തലത്തിൽ രണ്ട് ദിവസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ജിസ്മോളുടെ സ്വന്തം നാട്ടിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനമായത്.

അതേ സമയം ജിസ്മോളുടെ മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ജിസ്മോളുടെ കുടുംബം പൊലീസിൽ മൊഴി നൽകിയിരുന്നു. ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ ജിറ്റുതോമസ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരിൽ ജിസ്മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

മകളുടെ തലയിലും ശരീരത്തിലും ജിമ്മി മർദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു. ജിമ്മി ജിസ്മോളുടെ ഫോൺ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ തങ്ങൾ ശ്രമിച്ചിരുന്നുവെന്നും സഹോദരനും മൊഴി നൽകി.

കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നു. എന്നാൽ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ വീട്ടിൽ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞു. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ജിസ്മോൾ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. മുൻപ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുന്നതായി സഹോദരൻ ജിറ്റുതോമസ് പറഞ്ഞു.

Also Read:

ജിസ്‌മോൾക്ക് ആവശ്യമുള്ള പണം ഭർതൃവീട്ടുകാർ നൽകിയിരുന്നില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം പറയുന്നു. വിദേശത്തായിരുന്ന ജിസ്മോളുടെ പിതാവ് തോമസും സഹോദരൻ ജിറ്റുതോമസും രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റിൽ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

content highlights : jismol's funeral will be held in his hometown church

dot image
To advertise here,contact us
dot image