കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ച സംഭവം;പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

വീടിന് തീപിടിച്ച സമയം മനോജിന്റെ മുറിയിലാണ് ആദ്യംതീപിടിച്ചത് എന്ന് മാതാവ്

dot image

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ യുവാവ് വീടിന് തീപിടിച്ച് മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വീട്ടിൽ ശാസ്ത്രീയ പരിശോധനയും ഇന്ന് നടത്തും. അതേസമയം തീപിടുത്തമുണ്ടായപ്പോൾ താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് മനോജിൻ്റെ പിതാവ് സോമൻ പൊലീസിന് മൊഴി നൽകി. മകനുമായി തർക്കം ഉണ്ടായിരുന്നുവെന്നും തർക്കത്തിന് ശേഷം താൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായും പിതാവ് പൊലീസിനോട് പറഞ്ഞു. വീടിന് തീപിടിച്ച സമയം മനോജിന്റെ മുറിയിലാണ് ആദ്യംതീപിടിച്ചത് എന്നാണ് മാതാവിൻ്റെ മൊഴി.

തീ പിന്നീട് മറ്റ് മുറികളിലേക്കും പടർന്നു പിടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇളകൊള്ളൂർ സ്വദേശി മനോജ് വീടിന് തീ പിടിച്ച് മരിച്ചത്. വീടിനു തീപിടിച്ചു കത്തുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് കോന്നിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി ഏറെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പിന്നീട് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തീപിടുത്തത്തിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.

Content Highlights: A man died in a house fire in Ilakollaur, Konni; Police have registered a case of unnatural death

dot image
To advertise here,contact us
dot image